സൂര്യ ഫെസ്‌റ്റിവലുമായി ബന്ധപ്പെട്ട് നടന്ന പൊതുചടങ്ങിന് എത്തിയ സന്ദീപ് വാര്യർക്ക് നേരെ ചോദ്യശരങ്ങളുമായി സദസ്

തിരുവനന്തപുരം: സൂര്യ ഫെസ്‌റ്റിവലുമായി ബന്ധപ്പെട്ട് നടന്ന പൊതുചടങ്ങിന് എത്തിയ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് നേരെ ചോദ്യശരങ്ങളുമായി സദസ്. സന്ദീപിന്റെ പാർട്ടി മാറ്റത്തെ വിമർശിച്ചുകൊണ്ടായിരുന്നു പലരുടെയും ചോദ്യങ്ങൾ. ഒരു മനുഷ്യന് ഇങ്ങനെയും മാറാൻ കഴിയുമോ എന്നും, അടുത്ത തവണ ഏത് പാർട്ടിയുടെ ആളായി വരുമെന്നും പലരും ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും സന്ദീപ് വാര്യർ മറുപടി പറയുകയും ചെയ‌്തു.

പരിപാടി ഏൽക്കുന്ന സമയത്ത് തന്റെ രാഷ്‌ട്രീയം എന്തായിരുന്നോ ആ രാഷ്‌ട്രീയ നിലപാടല്ല ഇപ്പോൾ ഉള്ളത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സന്ദീപ് പ്രസംഗം ആരംഭിച്ചത്. പിന്നീട് പഴയ പാർട്ടിയെ വിമർശിച്ചും പുതിയ തട്ടകത്തെ പുകഴ്‌ത്തിയും ആദ്യത്തെ അരമണിക്കൂർ പ്രസംഗം. ഏതെങ്കിലും ഒരു പാർട്ടി ഇല്ലാതായി തീരണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. നല്ല ജനാധിപത്യത്തിന് നല്ല ബിജെപിയും, നല്ല കോൺഗ്രസും, നല്ല സിപിഎമ്മും ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് സന്ദീപ് പറഞ്ഞു.

ബിജെപി പറയുന്നതെല്ലാം നുണയും കോൺഗ്രസ് പറയുന്നത് മാത്രമാണ് ശരിയുമെന്ന പുതിയ നയത്തിലൂടെ ജനങ്ങളെ പറ്റിക്കുന്നതിന് ഒരു പരിധിയില്ലേ എന്ന ചോദ്യത്തിന്, കള്ളവും സത്യവും ഓരോരുത്തരുടെയും ദൃഷ്‌ടിലുള്ളതാണെന്നും, ആപേക്ഷികമാണെന്നുമായിരുന്നു സന്ദീപിന്റെ മറുപടി.പലപ്പോഴും അഭിപ്രായങ്ങൾ തനിക്ക് പ്രകടിപ്പിക്കാൻ കഴിയാതെ പോയിട്ടുണ്ട് എന്നത് വസ്തുതയാണ്. അത് അംഗീകരിക്കുന്നു. താൻ പറഞ്ഞ കാര്യങ്ങൾ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും യുഡിഎഫിന് അനുകൂലമായിട്ടുള്ള വോട്ടായി മാറിയിട്ടുണ്ടെങ്കിൽ അവിടെ തന്റെ നിലപാട് ജനങ്ങൾ അംഗീകരിച്ചതായാണ് കരുതുന്നതെന്ന് സന്ദീപ് പറഞ്ഞു.

അടുത്ത ചോദ്യം കുറച്ചു കൂടി കടന്നാക്രമിച്ചുകൊണ്ടുള്ളതായിരുന്നു. ഒരു മനുഷ്യൻ ഇങ്ങനേയും മാറുമോ? എന്തൊക്കെയാണ് ഈ പറഞ്ഞത്? അടുത്ത സൂര്യ ഫെസ്‌റ്റിവലിൽ ഏത് പാർട്ടിയുടെ ആളായി വരുമെന്ന് കൂടി പറയൂ? ഉത്തരം വന്നു, ”ജനാധിപത്യ ബോധമില്ലാത്ത ബിജെപിയുടെ പല ആളുകൾക്കും അത് അംഗീകരിക്കാൻ മാനസികമായി ഇപ്പോഴും വിഷമമുണ്ട് എന്നുള്ളത് സത്യമാണ്. എന്നോടുള്ള സ്നേഹം കൊണ്ടാകാം അത്. ആ സ്നേഹം ഇപ്പോൾ പലർക്കും ദേഷ്യമായി മാറിയിരിക്കുകയാണ്. അത് തിരിച്ച് സ്നേഹത്തിലേക്ക് വഴിമാറുക തന്നെ ചെയ്യും”.

Leave a Reply

Your email address will not be published. Required fields are marked *