സീറ്റ് ചര്‍ച്ചകള്‍ സജീവം; എറണാകുളത്ത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ യോഗം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചകള്‍ സജീവമാക്കി. എറണാകുളത്ത് ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ സീറ്റ് വിഭജനവും പുതിയ കെപിസിസി പ്രസിഡന്റിന്റെ കാര്യവും ഉള്‍പ്പെടെ പ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് പരിഗണനയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ വ്യക്തമാക്കി.

നാളെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന കെപിസിസി നേതൃയോഗത്തിന് മുന്നോടിയായി കൊച്ചിയില്‍ ഇന്ന് നേതാക്കള്‍ ഒരുമിച്ചുകൂടുകയായിരുന്നു. കെ. സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, ദീപദാസ് മുന്ഷി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സീറ്റ് വിഭജനം, കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല തുടങ്ങിയവയാണ് പ്രധാനമായും ചര്‍ച്ചയായത്. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ ഏറെക്കുറെ പൂര്‍ത്തിയായതായും ബാക്കി തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കാനുമാണ് തീരുമാനം.

സിപിഐഎമ്മിനോട് അസന്തോഷം പുലര്‍ത്തുന്നവരെ ഒപ്പം ചേര്‍ക്കാനുള്ള നീക്കവും യോഗത്തില്‍ ചര്‍ച്ചയായി. അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ പുതുയുഗ യാത്ര സമാപിക്കുന്നതിന് പിന്നാലെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് ആലോചന.