ലൈംഗിക പീഡന ആരോപണം; സിറ്റിംഗ് എംഎൽഎമാർ നാലുപേർ, സിപിഎം, കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കുറ്റപത്രം

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ സമാന ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന സിറ്റിംഗ് എംഎല്‍എമാര്‍ നാലുപേരായി. സിപിഎമ്മിന്റെ എം മുകേഷിനെതിരെ രണ്ട് കേസുകളില്‍ കുറ്റപത്രം ഉള്ളപ്പോള്‍, കോണ്‍ഗ്രസ് എംഎല്‍എമാരായ എം വിന്‍സെന്റും എല്‍ദോസ് കുന്നപ്പള്ളിയും ബലാല്‍സംഗ കേസുകളില്‍ വിചാരണ നേരിടുകയാണ്.

കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം വിന്‍സെന്റിനെതിരെ ബലാല്‍സംഗ കേസില്‍ കുറ്റപത്രം കോടതിയിലുണ്ട്. അയല്‍വാസിയായ 51 കാരി വിന്‍സെന്റിനെതിരെ ബലാല്‍സംഗ കേസ് നല്‍കുന്നത് 2017 ജൂലൈയിലാണ്. അറസ്റ്റിലായ വിന്‍സെന്റ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. കേസില്‍ ആ വര്‍ഷം അവസാനം തന്നെ നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

കൊല്ലം എംഎല്‍എയും സിപിഎം നേതാവും ചലച്ചിത്ര താരവുമായ എം മുകേഷിനെതിരെ രണ്ട് ലൈംഗിക പീഡന കേസുകളില്‍ കുറ്റപത്രം കോടതികളിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത പീഡന കേസുകളില്‍ ഈ വര്‍ഷമാണ് കുറ്റപത്രം നല്‍കിയത്. മുകേഷ് ചലച്ചിത്ര താരമായിരിക്കുമ്പോള്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്തെന്നായിരുന്നു ആരോപണം. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെയും ബലാല്‍സംഗ കേസില്‍ കുറ്റപത്രം നിലവിലുണ്ട്. 2022 ല്‍ എല്‍ദോസ് പല തവണ പീഡിപ്പിച്ചെന്നും വധിക്കാന്‍ ശ്രമിച്ചെന്നും കാട്ടി തിരുവനന്തപുരം സ്വദേശിയായ അദ്ധ്യാപിക നല്‍കിയ കേസിലാണ് കുറ്റപത്രം.