മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്ഐ അല്ല

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്ഐ പ്രവര്‍ത്തകരല്ലെന്ന് പൊലീസ് . ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വയനാട് എസ്പി ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് ഫോട്ടോഗ്രാഫറുടെ ചിത്രവും മൊഴിയും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഒടുവില്‍ സംഭവത്തില്‍ യുഡിഎഫ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികൂട്ടിലാവുന്ന സാഹചര്യമാണ്. ഓഫീസ് ആക്രമണത്തില്‍ പൊലീസിന് വീഴ്ച്ചയുണ്ടായെന്നും കല്‍പ്പറ്റ ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്നും ഡിവൈഎസ്പി ശുപാര്‍ശ ചെയ്തു.
പോലീസ് റിപ്പോര്‍ട്ട് വന്നതോടെ നേരെത്ത സി.പി.എം നേതാക്കള്‍ ഉന്നയിച്ച വാദങ്ങള്‍ ശരിയാവുകയാണ്. വാര്‍ത്താ ചാനലുകളിലെ ദൃശ്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ അല്ലെന്നായിരുന്നു സി.പി.എം വാദം.
രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ അക്രമത്തിന് ശേഷം 3.59 ഓടെ പൊലീസ് ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. രാഹുല്‍ഗാന്ധിയുടെ കസേരയില്‍ വാഴവെച്ചതിലും മറ്റ് ആക്രമണ സംഭവങ്ങളിലും തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിത്രമെടുത്തത്. ഈ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പ് തന്നെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.