ഗവര്‍ണ്ണര്‍ക്കെതിരായ എസ്എഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഗവര്‍ണ്ണര്‍ക്ക് എതിരായ എസ് എഫ് ഐ പ്രതിഷേധത്തിലും സംഘര്‍ഷത്തിലും രാജ് ഭവന്‍ സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയെക്കും. കാറിന് മേല്‍ പ്രതിഷേധക്കാര്‍ ചാടി വീണ സംഭവത്തില്‍ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്ന് ഗവര്‍ണര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടേക്കും. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ ദില്ലിയിലും സുരക്ഷ കൂട്ടും ഗവര്‍ണര്‍ക്ക് അകമ്പടിയായി ദില്ലി പൊലീസിന്റെ രണ്ടംഗ കമാന്‍ഡോ സംഘത്തെയും ഉള്‍പ്പെടുത്തും.
ഇതിനിടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ അടക്കം ചേര്‍ത്ത് സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. ഗവര്‍ണ്ണര്‍ക്ക് എതിരായ പ്രതിഷേധം തുടരുമെന്നാണ് എസ് എഫ് ഐ നിലപാട്. ഗവര്‍ണര്‍ നടു റോഡില്‍ ഇറങ്ങി സുരക്ഷ പ്രശ്‌നം ഉന്നയിച്ചത് സര്‍ക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും തീരുമാനം.
രാജ്ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവര്‍ണ്ണറുടെ യാത്രക്കിടെയായിരുന്നു അസാധാരണവും നാടകീയവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസ് സുരക്ഷയോടെയായിരുന്നു ഗവര്‍ണറുടെ യാത്ര. മൂന്നിടത്ത് ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായി. ആദ്യം പാളയത്ത് എസ്എഫ്‌ഐക്കാര്‍ ഗവര്‍ണ്ണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു.
പിന്നെ ജനറല്‍ ആശുപത്രി പരിസരത്തും ഒടുവില്‍ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധക്കാര്‍ വാഹനത്തിന് നേരെ പാഞ്ഞടത്തു പ്രതിഷേധിച്ചു. ഇതോടെ വാഹനം നിര്‍ത്തി ഗവര്‍ണ്ണര്‍ കാറില്‍ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി. പ്രതിഷേധക്കാര്‍ക്കും പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ക്ഷുഭിതനായി ഗവര്‍ണ്ണര്‍ പ്രതികരിച്ചു. ഗവര്‍ണ്ണര്‍ കാറില്‍ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാര്‍ ചിതറിയോടി. പൊലീസ് 19 പേരെ കസ്റ്റിഡിയിലെടുത്തു.