ഡിവൈഎഫ്ഐയുടെ പാസിൽ സ്കോർ ചെയ്തു ഷാഫി

കോഴിക്കോട് ∙ നന്നായി മുന്നോട്ടു പോയിരുന്ന കളി തെറ്റായ പാസ് കൊണ്ട് എതിരാളിക്കു ഗോളടിക്കാൻ അവസരം ഉണ്ടാക്കിക്കൊടുത്തതിന്റെ ഇച്ഛാഭംഗത്തിലാണ് ഡിവൈഎഫ്ഐയും സിപിഎമ്മും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വടകര എംപി ഷാഫി പറമ്പിലിന് എതിരായി ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധവും അസഭ്യവാക്കുകളും തിരിച്ചടിച്ചതു പ്രതിഷേധത്തിന്റെ തിളക്കം കുറച്ചെന്ന അഭിപ്രായം പാർട്ടി വൃത്തങ്ങളിൽ തന്നെയുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിന്റെ പേരിൽ തനിക്കെതിരെ നീണ്ട ചോദ്യമുനകളുടെ മൂർച്ച കുറയ്ക്കാനെങ്കിലും ഷാഫിക്കു കഴിഞ്ഞു. വടകര ലോക്സഭ മണ്ഡലത്തിൽ ഷാഫിയോടു നേരിട്ട കനത്ത തോൽവിയുടെ നിരാശ സിപിഎമ്മിനെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.

കാഫിർ സ്ക്രീൻ ഷോട്ട്, വർഗീയവാദി ആരോപണങ്ങൾ തിരഞ്ഞെടുപ്പു കഴിഞ്ഞു മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിലും ഷാഫിയെ ആക്രമിക്കാൻ ലഭിക്കുന്ന അവസരമൊന്നും പാഴാക്കരുതെന്ന കരുതലിലാണ് പാർട്ടി സംവിധാനം. ഷാഫി പുറത്തു നിന്നു വന്ന എംപിയാണെന്നും വടകരയുമായി വൈകാരിക ബന്ധമില്ലെന്നുമുള്ള പ്രചാരണങ്ങളും നടത്തി നോക്കി.

മണ്ഡലത്തിലെ എംപിയുടെ സാന്നിധ്യം, വികസന പ്രവർത്തനങ്ങളിലെ ഇടപെടൽ, എംപി ഫണ്ട് വിനിയോഗം തുടങ്ങിയ കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് ജനമധ്യത്തിൽ ചർച്ചയാക്കാൻ ‌പ്രവർത്തകർക്കു നിർദേശമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ദേശീയപാത നിർമാണ പുരോഗതി സംബന്ധിച്ച യോഗത്തിൽ ഷാഫി പങ്കെടുത്തതിനെ ‘ഷോ’ വർക്ക് എന്നു വിമർശിച്ചു ഡിവൈഎഫ്ഐ രംഗത്തെത്തി. ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൈം പാർട്ണറാക്കി ഷാഫി പറമ്പിലിനെതിരെ വലിയ പ്രചാരണം നടത്തി.

ഇതിന്റെയെല്ലാം തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസം വടകരയിലെ തിരിച്ചടിയായ വഴിതടയൽ.പക്ഷേ രാഹുലിന്റെ സംരക്ഷകൻ എന്ന ആരോപണ നിഴലിൽ നിന്നിരുന്ന ഷാഫിക്കു രക്ഷയാകും വിധം ഒറ്റ ദിവസം കൊണ്ടു കളം മാറി. പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ അതേ നാണയത്തിൽ നേരിടാൻ ഇറങ്ങിയ ഷാഫി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.

‘വടകര അങ്ങാടിയിൽ നിന്നു പേടിപ്പിച്ച് ഓടിക്കാൻ ശ്രമിച്ചാൽ ഓടാൻ ഉദ്ദേശിക്കുന്നില്ല’ എന്ന പഞ്ച് ഡയലോഗിന് സോഷ്യൽ മീഡിയയിൽ സ്വീകാര്യത ലഭിച്ചു. അതുവരെ പാർട്ടിക്കുള്ളിലും മുന്നണിയിലും ഷാഫിക്കു നേരെ മുറുമുറുത്ത മുതിർന്ന നേതാക്കൾ പോലും ഷാഫിക്കൊപ്പം നിന്നു. വടകരയിലെ സംഭവത്തിനു തൊട്ടുപിന്നാലെ ഷാഫി പങ്കെടുത്ത രണ്ടു പാർട്ടി പരിപാടികളിലുമെത്തിയതു വൻ ജനക്കൂട്ടം. സംസ്ഥാനമൊട്ടാകെ കോൺഗ്രസ്, യുഡിഎഫ് നേതൃത്വവും ഷാഫിയെ പിന്തുണച്ചു രംഗത്തെത്തി.