ഷാരോണ്‍ വധം ഗ്രീഷ്മയുടെ 10 മാസത്തെ ആസൂത്രണത്തിന്റെ ഭാഗം: കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്‌ക്കൊപ്പം അമ്മയ്ക്കും അമ്മാവനും തുല്യ പങ്കെന്ന് കുറ്റപത്രം. ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്ത് സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാനാണെന്നും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർക്ക് കൊലപാതകത്തില്‍ തുല്യപങ്കുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കുറ്റപത്രം അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

ജാതകദോഷം മൂലം തന്നെ വിവാഹം കഴിക്കുന്നയാള്‍ മരിക്കുമെന്ന് ഗ്രീഷ്മയുടെ വാദം നുണക്കഥയാണെന്ന് പോലീസ് കുറ്റുപത്രത്തില്‍ പറയുന്നു. ഷാരോണിന്‍റെയും ഗ്രീഷ്മയുടെയും രണ്ടുവർഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ഓഡിയോ ഫയലുകളും ചിത്രങ്ങളും ഉൾപ്പെടെ ആയിരത്തലധികം ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം വീണ്ടെടുത്തു.

കൊലപാതകം നടന്ന് 73 ദിവസം പിന്നിടുമ്പോഴാണ് കേരളം ഏറെ ചര്‍ച്ച ചെയ്ത കേസില്‍ കുറ്റപത്രം തയാറാകുന്നത്. ഡിവൈഎസ്പി എ.ജെ.ജോണ്‍സന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *