ഷാരോണ്‍കേസില്‍ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും തമിഴ്‌നാട്ടില്‍ ; തുടരന്വേഷണം തമിഴ്‌നാട് പോലീസിന് കൈമാറണമെന്ന് നിയമോപദേശം

പാറശാല ഷാരോണ്‍ വധക്കേസിലെ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകള്‍ കണ്ടെത്തിയതും തമിഴ്നാട് അതിര്‍ത്തിയിലായതിനാലാണ് റൂറല്‍ എസ്പിക്ക് ഇങ്ങനെ നിയമോപദേശം ലഭിച്ചത്. ഭാവിയില്‍ പ്രതി കോടതിയില്‍ പൊലീസ് അന്വേഷണത്തിന്റെ അധികാര പരിധി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധര്‍ കണക്ക് കൂട്ടുന്നത്. കേസ് തമിഴ്‌നാട്ടിലേക്ക് കൈമാറാനുള്ള തീരുമാനം എടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ഡിജിപി ചര്‍ച്ച നടത്തും. കേസിലെ കുറ്റാരോപിതയായ ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവര്‍മന്‍ചിറ തമിഴ്നാട് പൊലീസിന്റെ പളുഗല്‍ സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്.

കേസില്‍ കുറ്റാരോപിതരായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. നെയ്യാറ്റിന്‍കര കോടതിയിലാണ് അപേക്ഷ നല്‍കുക. ലൈസോള്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മ ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ഐസിയുവിലാണ്. വായിലും അന്നനാളത്തിലും ചെറിയ പൊളളലേറ്റിട്ടുണ്ട്. ആത്മഹത്യശ്രമത്തിനും ഗ്രീഷ്മയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഗ്രീഷ്മയെ പോലീസ് സെല്ലിലേക്ക് മാറ്റുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ ഗ്രീഷ്മയെയും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *