തിരുവനന്തപുരം: വൈക്കം സത്യഗ്രഹ വേദിയില്‍ കെ മുരളീധരനെ അപമാനിച്ചതിനെതിരെ ശശി തരൂര്‍ എം.പി. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തത് തെറ്റാണെന്നും അദ്ദേഹത്തെ അപമാനിച്ചെന്നും ശശി തരൂര്‍ പരസ്യമായി പറഞ്ഞു.
കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് നീതികേടാണ്. മുരളീധരന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടി നല്ല രീതിയില്‍ മുന്നോട്ടുപോകണമെങ്കില്‍ നിലപാട് മാറണം. എനിക്കും അവസരം ലഭിച്ചില്ല. ഒരു വര്‍ഷത്തെ പരിപാടിയില്‍ അവസരം ലഭിച്ചേക്കാം ശശി തരൂര്‍ പറഞ്ഞു.’മുന്‍ കെപിസിസി അധ്യക്ഷന്മാരെന്ന നിലയിലാണ് രമേശ് ചെന്നിത്തലയ്ക്കും എം.എം.ഹസ്സനും പ്രസംഗിക്കാന്‍ അവസരം കൊടുത്തത്.
വേറൊരു കെപിസിസി പ്രസിഡന്റ് അതേ വേദിയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിനും പ്രസംഗിക്കാന്‍ അവസരം കൊടുക്കേണ്ടിയിരുന്നു.ഒരു മാനദണ്ഡം വച്ചിട്ടുണ്ടെങ്കില്‍ അത് പാലിക്കണ്ടേ? അദ്ദേഹത്തോടു സംസാരിച്ച് ഇതൊക്കെ ശരിയാക്കണം. മുന്‍ കെപിസിസി പ്രസിഡന്റുമാരെയാണ് പ്രസംഗിക്കാന്‍ ക്ഷണിക്കുന്നതെങ്കില്‍ മുരളീധരനും അവസരം കൊടുക്കണമായിരുന്നു.
സമയക്കുറവായിരുന്നു പ്രശ്നമെങ്കില്‍ പത്തു മിനിറ്റ് നേരത്തേ ആരംഭിക്കണമായിരുന്നു. ഇത് പാര്‍ട്ടിക്ക് അനാവശ്യമായ വിവാദമാണ്. തെറ്റു സംഭവിച്ചെന്നാണ് കരുതുന്നത്. അത് തീര്‍ച്ചയായും തിരുത്തണം. മുരളീധരന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മാത്രമല്ല. പാര്‍ട്ടിയുടെ ഭാരവാഹിത്വം വഹിച്ച വ്യക്തി കൂടിയാണ്. അദ്ദേഹം കെപിസിസി പ്രസിഡന്റ് ആയിരുന്നു, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായിരുന്നു.
സീനിയറായ നേതാവിനെ അപമാനിക്കുന്നത് ശരിയല്ല. ഇനി വരുന്ന ചടങ്ങില്‍ അദ്ദേഹത്തിന് അവസരം ഉണ്ടാക്കണം. പാര്‍ട്ടിയെ നന്നായി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ സീനിയര്‍ നേതാക്കളെ അവഗണിക്കരുത്” ശശി തരൂര്‍ പറഞ്ഞു.