30 മിനിറ്റ് നീണ്ട കൂടിക്കാഴ്ച ; പരിഭവങ്ങളും പരാതികളും രാഹുൽ ​ഗാന്ധിയെ അറിയിച്ച് ശശി തരൂർ

കോൺഗ്രസ് നേതൃത്വവുമായി അകന്നുനിൽക്കുന്ന ശശി തരൂർ എംപി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും പാർലമെന്‍റിൽ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെ നടന്ന 30 മിനിറ്റ് നീണ്ട ഈ കൂടിക്കാഴ്ചയിൽ തരൂർ തന്‍റെ ആശങ്കകളും പരാതികളും നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. മഹാപഞ്ചായത്തിലേതടക്കം തന്‍റെ പരിഭവം ശശി തരൂർ രാഹുലുമായി പങ്കുവച്ചെന്നാണ് സൂചന.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ശശി തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്. കഴിഞ്ഞ ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി സ്വീകരിച്ച നടപടികളെ തരൂർ പ്രശംസിച്ചത് പാർട്ടിയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടർന്ന് സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി സംഘത്തെ നയിക്കാനുള്ള ബിജെപിയുടെ ക്ഷണം ശശി തരൂർ സ്വീകരിച്ചതും ബന്ധം കൂടുതൽ വഷളാക്കി.

നവംബറിൽ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങിൽ അദ്ദേഹത്തിന്‍റെ സാമ്പത്തിക നയങ്ങളെ ‘പുരോഗതിക്കായുള്ള ആഹ്വാനം’ എന്ന് ശശി തരൂർ വിശേഷിപ്പിച്ചത് കോൺഗ്രസ് വക്താക്കൾ പരസ്യമായി തള്ളിയിരുന്നു. എന്നാൽ താൻ വസ്തുതകൾ വിവരിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു മറുപടി. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് ശശി തരൂർ എഴുതിയ ലേഖനം ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് പാർട്ടിയിൽ വ്യാഖ്യാനിക്കപ്പെട്ടു. ഇത് ബിജെപി ആയുധമാക്കുകയും ചെയ്തു