തിരുവനന്തപുരം:ഡി വൈഎഫ്ഐ നേതാവ് ഷെജിനും ജോയ്സ്നയുംഡി വൈ എഫ് ഐയുടെ തിരുവനന്തപുരത്തെ യൂത്ത് സെന്ററിലെത്തി. സെന്ററിലെത്തിയ ഇരുവരെയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമും ചേര്‍ന്ന് സ്വീകരിച്ചു.ഷെജിന്റെയും ജോയ്സ്നയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ലൗ ജിഹാദ് ആരോപണം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാല എവിടെയുണ്ടെന്ന് വ്യക്തമാക്കി ഷെജിന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നല്കിയ ഹേബിയസ് കോര്‍പ്പസില്‍ ജോയ്സ്നയെ ഹാജരാക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജസ്റ്റിസ് സതീഷ് നൈനാന്, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. താന്‍ ഹാജരാകുമെന്ന് ജോയ്സ്നയും അറിയിച്ചിട്ടുണ്ട്. നാളെയാണ് ഹൈക്കോടതിയിൽ ജോയ്സ്ന ഹാജരാകുക. ഷെജിന്റെയും ജോയ്സ്നയുടെയും വിവാഹം ലൗ ജിഹാദാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആദ്യം ആരോപണത്തെ അനുകൂലിച്ച സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് തോമസിന്റെ നിലപാട് വിവാദമായിരുന്നു. ജോര്‍ജ് തോമസിന് പിശകുപറ്റിയതാണെന്ന് വിശദീകരിച്ചും ലൗ ജിഹാദ് വിവാദം തള്ളിയും സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് രംഗത്തെത്തിയിരുന്നു.