കപ്പൽ മുങ്ങിയ സംഭവം; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ദ്ധരുടെ സംഘം ഇന്ന് പരിശോധന നടത്തും

കൊച്ചി: കണ്ടെയ്നർ കപ്പൽ മുങ്ങിയ സ്ഥലത്ത് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ദ്ധരുടെ സംഘം ഇന്ന് പരിശോധന നടത്തും. കപ്പൽ മുങ്ങിയ സ്ഥലത്തെ അടിത്തട്ടിൽ പരിശോധന നടത്തി മാപ്പിംഗ് പൂർത്തിയാക്കുകയാണ് ആദ്യം ചെയ്യുക. ശേഷം കണ്ടെയ്നറുകൾ പുറത്തെത്തിക്കാനുള്ള നടപടികളിലേക്ക് കടന്നേക്കും.

മുങ്ങിയ കപ്പലിനുള്ളിൽ എന്തൊക്കെയാണുള്ളതെന്ന വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. അതീവ സ്ഫോടന സാദ്ധ്യതയുള്ള കാത്സ്യം കാർബൈഡ് നി​റച്ച 13 കണ്ടെയ്നറുകളുണ്ട്. ഇതി​ൽ അഞ്ചെണ്ണം ഡെക്കി​ലും എട്ടെണ്ണം കപ്പലി​നുള്ളി​ലുമാണ്.ജലസമ്പർക്കമുണ്ടായാൽ അസറ്റിലിൻ വാതകമായി​ മാറുന്ന ഈ രാസവസ്തു വീണ്ടെടുത്തി​ല്ലെങ്കി​ൽ വലി​യ അപകടസാദ്ധ്യതയുണ്ട്. കപ്പലി​ൽ 484 ടൺ​ ഇന്ധനവും ഉള്ളതി​നാൽ വലി​യ സ്ഫോടനത്തി​നും വൻ പരി​സ്ഥി​തി​ നാശത്തി​നും ഇടവയ്ക്കും.പത്തോളം കണ്ടെയ്നറുകൾ കപ്പൽ മുങ്ങും മുമ്പ് കടലി​ൽ പതി​ച്ചു.

മുങ്ങി​യ ശേഷം 100 കണ്ടെയ്നറുകൾ ഒഴുകി​ നടന്നു. 48 എണ്ണം കൊല്ലം, ആലപ്പുഴ, തി​രുവനന്തപുരം തീരത്തെത്തി​. 60 കണ്ടെയ്നറുകളി​ലായി​ 168 ടൺ പോളി​മർ പെല്ലറ്റുകളുണ്ട്. കടലി​ൽ വീണ കണ്ടെയ്നറുകൾ പൊട്ടി പെല്ലറ്റുകൾ തീരങ്ങളി​ൽ അടി​ഞ്ഞു. പ്ളാസ്റ്റി​ക് ഉത്പന്നങ്ങൾ നി​ർമ്മി​ക്കുന്നതിനുള്ള അസംസ്കൃത വസ്തുവാണ് പെല്ലറ്റുകൾ.കപ്പൽ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് കപ്പലിൽ എന്തൊക്കെയുണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നത്. സമുദ്ര – തീരദേശ ആവാസ വ്യവസ്ഥയെ കപ്പൽ അപകടം എങ്ങനെ ബാധിച്ചുവെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. വിഷയത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ നടപടി തുടങ്ങിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *