ആശുപത്രികളിലെ ഉപകരണ ക്ഷാമം; സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി 100 കോടി രൂപ അനുവദിച്ചു

ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാന്‍ താത്കാലിക ഇടപെടല്‍. വിതരണക്കാര്‍ക്കുള്ള കുടിശ്ശിക തീര്‍ക്കാനായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി 100 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും. കുടിശ്ശിക തീര്‍ക്കാനായി കെഎംഎസ്സിഎല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും ധനവകുപ്പ് ഇടക്കാല തുക അനുവദിച്ചു.

50 കോടി രൂപയാണ് കെഎംഎസ്‌സിഎല്ലിന് അനുവദിച്ചത്. എന്നാല്‍, 2024 ഫെബ്രുവരി മുതല്‍ 25 മാര്‍ച്ച് വരെയുള്ള തുക ലഭിക്കാതെ സമരം നിര്‍ത്തില്ലെന്നാണ് വിതരണക്കാരുടെ നിലപാട് തുക അക്കൗണ്ടില്‍ എത്തിയാല്‍ മാത്രമേ വിതരണം പുനസ്ഥാപിക്കുവെന്ന് വിതരണക്കാര്‍ അറിയിക്കുന്നത്.

ഉപകരണക്ഷാമത്തെ തുടര്‍ന്നു തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ അടക്കം പ്രതിസന്ധിയുണ്ട്. ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കിയിരുന്നു.