കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ എസ്ഐ ജിമ്മി ജോസിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിശദമായി അന്വേഷിക്കും. യുവാവിന്റെ മരണത്തില്‍ പൊലീസ് സ്റ്റേഷന്‍ നാട്ടുകാര്‍ ഉപരോധിച്ചു. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ സ്വദേശി മനോഹരനാണ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്.
ശനിയാഴ്ച രാത്രി പൊലീസിനെ കണ്ട് മനോഹരന്‍ ബൈക്ക് നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് മനോഹരനെ പിന്തുടര്‍ന്ന് എത്തി പിടികൂടുകയും അലക്ഷ്യമായി വണ്ടിയോടിച്ചതിന് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് മര്‍ദ്ദിച്ചുവെന്നുമാണ് നാട്ടുകാരുടെ പരാതി.