പുതുപ്പള്ളിയില്‍ ഇന്ന് നിശബ്ദപ്രചാരണം

ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണ ദിവസത്തില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുകയാണ് സ്ഥാനാര്‍ത്ഥികളുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ ഇന്ന് രാവിലെ വിതരണം ചെയ്യും.
സ്ട്രോങ്ങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജില്‍ നിന്നാണ് 182 ബൂത്തുകളിലേക്കും ഉള്ള സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. മുഴുവന്‍ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്.
ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിലും നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിപുരയില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് നിയമസഭാംഗത്വം രാജിവച്ചതിനെ തുടര്‍ന്ന് ധന്‍പുരിലും സിപിഎം എംഎല്‍എയുടെ മരണത്തെ തുടര്‍ന്ന് ബോക്സാനഗര്‍ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പശ്ചിമബംഗാളിലെ ദുപ്ഗുഡിയില് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും സിപിഎം-കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് മത്സരം. ഉത്തര്‍പ്രദേശിലെ ഘോസിയില്‍ ഇന്ത്യ സഖ്യത്തിന്റെ പിന്തുണ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്കുണ്ട്. വെള്ളിയാഴ്ചയാണ് ഇവിടങ്ങളിലും വോട്ടെണ്ണല്‍.