സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റയില്‍മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച കത്ത് പുറത്ത് ;
കെ-റെയിലിനെ അനുകൂലിച്ച് കത്തെഴുതിയ കാര്യം ഓര്‍ക്കുന്നില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റയില്‍മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച കത്ത് പുറത്ത്.കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 16നാണ് ഗവര്‍ണര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്താണ് പുറത്തായിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാണ് കത്തിലെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ചു 2020 ഡിസംബറില്‍ അന്നത്തെ റയില്‍വേ മന്ത്രിയായിരുന്ന പീയൂഷ് ഗോയലിനും ഗവര്‍ണര്‍ കത്തെഴുതിയിരുന്നു. സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പദ്ധതിക്ക് കേന്ദ്ര റയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സില്‍വര്‍ ലൈന്‍ ഡി.പി.ആര്‍ റയില്‍വേ ബോര്‍ഡിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.അതേ സമയം കത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ട് രംഗത്തെത്തി.കേ റെയിലിനെ അനുകൂലിച്ച് കത്തെഴുതിയ കാര്യം ഓര്‍ക്കുന്നില്ലെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്.
വിവാദങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കൊണ്ട് എഴുതിയ കത്താണ്.ഒരു വര്‍ഷം മുന്‍പ് രാജ് ഭവനില്‍ വച്ച് പദ്ധതിയെ കുറിച്ചു വിശദീകരിച്ചതിന് ശേഷം സര്‍ക്കാര്‍ കത്തയ്ക്കാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വികസന പദ്ധതികളെ ഗവര്‍ണറായിരിക്കുമ്പോള്‍ എതിര്‍ക്കാനാവില്ല .ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും ഉണ്ടായാല്‍ മാത്രമേ എതിര്‍ക്കാന്‍ കഴിയൂവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.