കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരാം ; തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി സുപ്രീംകോടതി

കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആറിന്റെ ഭാഗമായ എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഉന്നയിക്കാൻ സുപ്രീംകോടതി കേരള സർക്കാരിനോട് നിർദേശിച്ചു.
സർക്കാർ ഉയർത്തുന്ന കാര്യങ്ങളിൽ ന്യായമുണ്ടെന്ന് നിരീക്ഷിച്ചാണ് ഒരാഴ്ച കൂടി സമയം നീട്ടുന്ന കാര്യത്തിൽ സർക്കാർ അപേക്ഷ നൽകാന് കോടതി നിര്‍ദ്ദേശിച്ചത്. ഈ കാര്യം പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കാൻ കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. നാളെ വൈകിട്ട് 5നകം ഇക്കാര്യം വ്യക്തമാക്കി കത്ത് നൽകണമെന്നാണ് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ രണ്ട് ദിവസത്തിനുള്ളിൽ കമ്മീഷൻ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.