സോളര്‍ ഗൂഢാലോചന: കോടതി നടപടികള്‍ക്കുള്ള സ്റ്റേ ഒക്ടോബര്‍ 16 വരെ നീട്ടി

കൊച്ചി : സോളര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകളുണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരു പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഉള്‍പ്പെടെ ആരോപിച്ചു നല്കിയ പരാതിയില്‍ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി ഒക്ടോബര്‍16 വരെ നീട്ടി. ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനാണു ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജി 16നു വീണ്ടും പരിഗണിക്കും. മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാറിനെയും സോളര്‍ കേസിലെ പരാതിക്കാരിയെയും എതിര്‍കക്ഷികളാക്കി അഡ്വ. സുധീര്‍ ജേക്കബാണു പരാതി നല്‍കിയത്. തുടര്‍ന്നു കൊട്ടാരക്കര കോടതി ഇരുവര്‍ക്കും സമന്‍സ് അയച്ചിരുന്നു. ഇതിനെതിരെ ഗണേഷ് കുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി മേയില്‍ ആറുമാസത്തേക്കു നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടര്‍ നടപടികള്‍ക്കു നേരത്തെ അനുവദിച്ചിരുന്ന സ്റ്റേ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു. 18നു ഹാജരാകാന്‍ കൊട്ടാരക്കര കോടതി ഗണേഷിനു കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.