സോളാര്‍ സമരം പിന്‍വലിച്ചത് യു ഡി എഫ് – എല്‍ ഡി എഫ് ധാരണയില്‍, ഇടനിലക്കാരനായത് തിരുവഞ്ചൂര്‍, വെളിപ്പെടുത്തലുമായി സി ദിവാകരന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഭരണകാലത്തെ സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സോളാര്‍ സമരം ഇടതുമുന്നണി അവസാനിപ്പിച്ചത് യു.ഡി.എഫ് സര്‍ക്കാരുമായി ഇടതുമുന്നണി നേതൃത്വമുണ്ടാക്കിയ ധാരണയുടെ പുറത്തായിരുന്നുവെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന സി.പി.ഐ നേതാവ് സി. ദിവാകരന്‍. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇതില്‍ ഇടനിലക്കാരനായതെന്നും ദിവാകരന്‍ ദൃശ്യമാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം സി.പി.എമ്മും കോണ്‍ഗ്രസും സി. ദിവാകരനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി.

സോളാര്‍ കേസിലെ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടായിരുന്നു ഇടതുമുന്നണിയുടെ സമരം. അതേസമയം, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആത്മകഥയില്‍ ആവേശഭരിതമായ സമരം അപ്രതീക്ഷിതമായി അവസാനിപ്പിച്ചതില്‍ അതൃപ്തനായിരുന്നുവെന്ന സൂചനയാണ് ദിവാകരന്‍ നല്‍കുന്നത്.

ആത്മകഥയിലെ വിവരണം ഇങ്ങനെ: ‘സമരക്കാരുടെ ആവേശത്തിന് അതിരുകളില്ലായിരുന്നു. സര്‍ക്കാര്‍ കാലേകൂട്ടി സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിനോട് പട്ടാളത്തിന്റെ സഹായവും അഭ്യര്‍ത്ഥിച്ചിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പട്ടാളം വന്നിറങ്ങിയത് കണ്ടതോടെ ജനങ്ങള്‍ കൂടുതല്‍ ആവേശഭരിതരായി. സമരക്കാരെ അഭിവാദ്യം ചെയ്യാന്‍ ഇടതു മുന്നണിയുടെ ദേശീയനേതാക്കളും സെക്രട്ടേറിയറ്റ് നടയിലെത്തി. പൊലീസും പട്ടാളവും വെറുതെ നോക്കി നിന്നു. ഭരണം സ്തംഭിച്ചു. നിര്‍ണായക സന്ദര്‍ഭം.

പെട്ടെന്ന് എനിക്ക് ഒരറിയിപ്പ് കിട്ടി. എ.കെ.ജി സെന്ററിലെത്തണം. ഞാനവിടെ എത്തിയപ്പോള്‍ പിണറായി വിജയനും വൈക്കം വിശ്വനും ഇസ്മായിലും പന്ന്യന്‍ രവീന്ദ്രനും കാത്തിരിക്കുകയായിരുന്നു. ‘നമുക്ക് സമരം തത്കാലം നിറുത്തി വയ്ക്കണം. സര്‍ക്കാര്‍ ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് സോളാര്‍ കേസ് അന്വേഷിപ്പിക്കാമെന്ന് സമ്മതിച്ചിരിക്കുന്നു.’ ഞാന്‍ എ.കെ.ജി സെന്ററിന്റെ പടികളിറങ്ങി. സമരത്തിന്റെ അന്ത്യനിമിഷങ്ങളില്‍ എന്ത് നടന്നുവെന്നതിനെക്കുറിച്ച് ഒന്നും ഞാന്‍ രേഖപ്പെടുത്തുന്നില്ല. ഒരു കാര്യം വ്യക്തമായി. വി.എസിന്റെ സമരജീവിതത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ അവിസ്മരണീയമായ അനുഭവമായിരിക്കും

 

Leave a Reply

Your email address will not be published. Required fields are marked *