പാസ് അനുവദിച്ച എല്ലാ മാധ്യമ പ്രവര്‍ത്തകരെയും പ്രവേശിപ്പിച്ചു’; ക്യാമറയ്ക്കുളള നിയന്ത്രണം നേരത്തെയുളളതെന്ന് സ്പീക്കര്‍

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതികരിച്ച് സ്പീക്കർ എംബി രാജേഷ്. പാസ് അനുവദിച്ച എല്ലാ മാധ്യമ പ്രവർത്തകരേയും നിയമസഭ ഹാളിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. മാധ്യമ വിലക്ക് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ വാച്ച് ആൻഡ് വാർഡിന് പാസ് പരിശോധിക്കണമെന്ന് നിർദേശം നൽകിയിരുന്നു. ക്യാമറ ടീമിനുളള നിയന്ത്രണം നേരത്തെയുളളതാണെന്നും സ്പീക്കർ വ്യക്തമാക്കി. മാധ്യമങ്ങൾ ഇന്ന് പ്രചരിപ്പിച്ച ചില വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സ്പീക്കർ ആരോപിച്ചു.
വാർത്ത നൽകുന്നത് സംഘടിതവും ആസൂത്രിതവുമായി നടത്തുന്നതായി തോന്നി. സഭ ടിവിയുടെ രീതി സഭ നടപടി കാണിക്കുക എന്നതാണ്. സഭയിൽ രണ്ട് ഭാഗത്തു നിന്നും പ്രതിഷേധം ഉണ്ടായി. ഈ പ്രതിഷേധമൊന്നും കാണിച്ചിട്ടില്ല. സഭ ചട്ട പ്രകാരം എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും സ്പീക്കർ പറഞ്ഞു. ഒരു സ്പീകര്‍ക്കും അങ്ങനെ നിലപാട് എടുക്കാനാവില്ല. ചട്ട പ്രകാരം ചെയ്യാന്‍ പറ്റാത്തതിന് വാശി പിടിച്ചിട്ട് കാര്യമില്ല. ലോക്സഭ നടപടിക്രമം മാതൃകയാക്കിയാണ് സഭാ ടിവിയുടെ പ്രവര്‍ത്തനം. സാധാരണ രീതിയില്‍ തന്നെയാണ് ഇന്നും ദൃശ്യങ്ങള്‍ കാണിച്ചത്. ദൃശ്യങ്ങള്‍ ആരും നിയന്ത്രിക്കുന്നതില്ലെന്നും സ്പീക്കർ വ്യക്തമാക്കി.