പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നു;അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആര്‍ക്കെങ്കിലും സഹായധനം കൊടുക്കുന്നതിനു താന്‍ എതിരല്ലെന്നും മുന്‍പരിചയമില്ലാത്തവര്‍ക്കു സിനിമ എടുക്കാന്‍ പണം നല്‍കുമ്പോള്‍ അവര്‍ക്കു കൃത്യമായ പരിശീലനം നല്‍കണമെന്നാണ് ഉദ്ദേശിച്ചതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും സിനിമയെടുക്കാന്‍ പണം വെറുതെ കൊടുക്കരുതെന്ന് സിനിമാ കോണ്‍ക്ലേവിന്റെ സമാപനച്ചടങ്ങില്‍ അടൂര്‍ പറഞ്ഞത്
വിവാദമാകുകയും അതിനെതിരെ പൊലീസില്‍ പരാതി വരികയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണം. സിനിമയെന്ന മാധ്യമത്തെക്കുറിച്ച് അറിയാതെ എത്തുന്നവര്‍ പണം വാങ്ങി ക്യാമറാമാന്മാരുടെ ഔദാര്യത്തില്‍ സിനിമ ചെയ്ത ചരിത്രമുണ്ടെന്നും അടൂര്‍ പറഞ്ഞു.
ഇത്തരത്തില്‍ ആദ്യമായി സിനിമ എടുക്കാന്‍ വരുന്നവര്‍ പലരും അതിനുശേഷം അപ്രത്യക്ഷരാകുന്നതാണ് കാണുന്നത്. അവര്‍ക്കു വേണ്ടത്ര പരിശീലനം നല്‍കിയാല്‍ തുടര്‍ന്നും ഈ രംഗത്തു പ്രവര്‍ത്തിക്കാന്‍ കഴിയും. സ്ത്രീകള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും എതിരായല്ല, അവര്‍ക്കു വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. അവരില്‍നിന്ന് മികച്ച ഫിലിം മേക്കേഴ്സ് ഉണ്ടാകാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്.
ആദ്യം സിനിമ എടുക്കാന്‍ വരുന്നവര്‍ക്ക് ഒന്നരക്കോടി രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. അത്രയും വേണ്ടെന്നാണ് എന്റെ അഭിപ്രായം. അത്രയും ബജറ്റിന് ഞാന്‍ സിനിമ എടുത്തിട്ടില്ല. അത് ഈ മാധ്യമത്തെക്കുറിച്ച് കൃത്യമായി അറിയുന്നതുകൊണ്ടാണ്. മുന്‍കൂട്ടി ആസൂത്രണം ചെയ്യാത്തതുകൊണ്ടാണ് ചെലവ് അധികരിക്കുന്നത്. അവസരം കിട്ടുമ്പോള്‍ അതു മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയണം.
ആദ്യം സിനിമ എടുക്കാന്‍ വരുന്നവര്‍ക്ക് പണം കൊടുക്കാനുള്ള സര്‍ക്കാര്‍ നടപടി നല്ല തീരുമാനമാണ്. പക്ഷേ അത് പാഴാകാതെ ഉപയോഗിക്കാന്‍ അവര്‍ക്ക് പരിശീലനം കൊടുക്കുകയാണ് വേണ്ടത്. 50 ലക്ഷം വച്ച് 3 പേര്‍ക്കു കൊടുത്താല്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. പോസിറ്റീവായാണ് 50 ലക്ഷം വീതം നല്‍കണമെന്നു പറഞ്ഞത്. പണം വാങ്ങുന്നവര്‍ക്കു മാത്രമല്ല കെഎസ്എഫ്ഡിസി ഉള്‍പ്പെടെ കൊടുക്കുന്നവര്‍ക്കും ഉത്തരവാദിത്തം വേണം. ഒന്നരക്കോടി രൂപ കൊടുക്കുന്നത് അഴിമതിക്കു വഴിവയ്ക്കുമെന്ന് മുഖ്യമന്ത്രിയോടു തന്നെ പറഞ്ഞിരുന്നതാണ്. കോണ്‍ക്ലേവില്‍ വളരെ പോസിറ്റീവായി പറഞ്ഞതിനെ നെഗറ്റീവ് ആക്കി മാറ്റിയത് അദ്ഭുതമാണെന്നും അടൂര്‍ പറഞ്ഞു.
കോണ്‍ക്ലേവില്‍ താന്‍ സംസാരിച്ചപ്പോള്‍ ഗായിക പുഷ്പവതി എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും അടൂര്‍ പറഞ്ഞു. പ്രധാനപ്പെട്ട ഒരു സെഷനില്‍ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതു തടസ്സപ്പെടുത്താന്‍ അവര്‍ക്ക് എന്താണ് അവകാശം. സ്റ്റേജില്‍ ഇരുന്ന മന്ത്രി ഉള്‍പ്പെടെ എന്തുകൊണ്ടാണ് അവരെ തടയാതിരുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചു.