രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജിയടക്കം 68 പേരുടെ സ്ഥാനക്കയറ്റത്തിനു സ്റ്റേ

ഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു 2 വര്‍ഷം തടവുശിക്ഷ വിധിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എച്ച്.എച്ച്. വര്‍മ ഉള്‍പ്പെടെ 68 പേരെ ജില്ലാ ജഡ്ജിമാരാക്കി ഉയര്‍ത്തിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. സ്ഥാനക്കയറ്റിന് എതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും വിജ്ഞാപനം ഇറക്കിയത് അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവാണ് ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് ഷാ ഈ മാസം 15ന് വിരമിക്കുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന പുതിയ ബെഞ്ചായിരിക്കും ഇനി ഹര്‍ജി പരിഗണിക്കുക. സ്ഥാനക്കയറ്റ പട്ടികയ്ക്കെതിരേ ഗുജറാത്തിലെ സീനിയര്‍ സിവില്‍ ജഡ്ജ് കേഡറില്‍പ്പെട്ട രവികുമാര്‍ മഹേത, സച്ചിന്‍ പ്രതാപ്റായ് മേത്ത എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ചട്ടങ്ങള്‍ പ്രകാരം ജില്ലാ ജഡ്ജി തസ്തികയില്‍ 65 ശതമാനം സീറ്റുകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മെറിറ്റിന്റേയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാല്‍, ഇത് പാലിക്കാതെയാണ് നിയമനം നടത്തിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. സ്ഥാനക്കയറ്റം ലഭിച്ച തസ്തികയില്‍ ചുമതലയേല്‍ക്കരുതെന്ന് ബഞ്ച് നിര്‍ദേശിച്ചു.
സൂറത്ത് മജിസ്ട്രേറ്റ് കോടതി ജഡ്ജിയായ വര്‍മയ്ക്ക് രാജ്കോട്ട് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം നല്‍കിയിരുന്നത്.

65% പ്രമോഷന്‍ ക്വോട്ടയില്‍ സ്ഥാനക്കയറ്റം നല്‍കാനുള്ള പട്ടികയില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിനിടെ ‘മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്’ എന്നു ചോദിച്ചതു മോദിയെന്നു പേരുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലായിരുന്നു രാഹുലിന് ശിക്ഷ. തുടര്‍ന്ന് അദ്ദേഹത്തിന് ലോക്സഭാംഗത്വം നഷ്ടമായി. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ സൂറത്തിലെ സെഷന്‍സ് കോടതി നിരസിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *