കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ ശശി തരൂര്‍ എംപി പങ്കെടുക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് : കെ.മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ ശശി തരൂര്‍ എംപി പങ്കെടുക്കുന്നതില്‍ കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പ്. തരൂര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെന്ന് മുരളീധരന്‍ റാലി സംഘടിപ്പിക്കുന്നത് കെപിസിസിയായതിനാല്‍ പരിപാടി ചാര്‍ട്ട് ചെയ്യേണ്ടത് അവരാണ്. ചാര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. അതിനാല്‍ തരൂര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ പരിപാടിയില്‍ ശശി തരൂര്‍ പങ്കെടുക്കുമെന്ന്് പറഞ്ഞു.

നവംബര്‍ 23-ന് കോഴിക്കോട് ബീച്ചിലാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി കെപിസിസി സംഘടിപ്പിക്കുന്നത്. സിപിഎമ്മും മുസ്ലിം ലീഗും നടത്തിയ റാലികള്‍ മുന്നിലുള്ളതിനാല്‍ കോണ്‍ഗ്രസിന്റെ ശക്തി വിളംബരം ചെയ്യുന്ന പരിപാടിയായി റാലിയെ മാറ്റാനാണ് നീക്കം. അരലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അറിയിച്ചു.

മുസ്ലിംലീഗ് ഒക്ടോബര്‍ 26- ന് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് തരൂര്‍ പ്രസ്താവന നടത്തിയതാണ് വിവാദമായത്. തരൂരിന്റെ പ്രസ്താവന ലീഗിനുള്ളിലും കോണ്‍ഗ്രസിലും ശക്തമായ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്.

പലസ്തീന്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ലീഗിലും സിപിഎമ്മിലും നടക്കുന്നതിനിടെയാണ് കെപിസിസി പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് തരൂരിനെ പങ്കെടുപ്പിക്കണോ എന്ന കാര്യത്തിലുള്ള ആശയക്കുഴപ്പം കോണ്‍ഗ്രസിനുള്ളില്‍ നില്‍ക്കുന്നത്. ഇതിനിടെയാണ് കെപിസിസി ആസ്ഥാനത്ത് നടന്ന നെഹ്റു അനുസ്മരണത്തില്‍ തരൂര്‍ പ്രസ്താവന കടുപ്പിച്ചത്.

”പലസ്തീന്‍ വിഷയത്തെപ്പറ്റി എന്നെയാരും പഠിപ്പിക്കാന്‍വേണ്ടി വരേണ്ടാ. പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് നേരിട്ട് ഇടപെടല്‍ നടത്തിയ വ്യക്തിയാണ് ഞാന്‍. യാസര്‍ അരാഫത്തിനെ മൂന്നാല് തവണ നേരിട്ട് കാണാന്‍ അവസരമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകളെപ്പറ്റി നേരിട്ടറിയാം. ഞാന്‍ പലസ്തീനില്‍ പോകുകയും യാസര്‍ അരാഫത്തുമായും ഇന്ത്യന്‍ അംബാസിഡറുമായും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. അരാഫത്തിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി അഭിവാദ്യമര്‍പ്പിച്ചിട്ടുണ്ട്”. എന്നാണ് തരൂര്‍ പറഞ്ഞത്. എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു തരൂരിന്റെ പ്രതികരണം.

തരൂരിന്റെ ഈ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസിന്റെ ഒരു ഘടകത്തില്‍ നിന്നും എതിര്‍ ശബ്ദം വന്നിട്ടില്ല. അതിനര്‍ത്ഥം തരൂര്‍ നിലപാട് കോണ്‍ഗ്രസ് അംഗീകരിക്കുന്നു എന്നത് തന്നെയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ക്ഷണിക്കാതിരിക്കാനോ പ്രസംഗിപ്പിക്കാതിരിക്കാനോ കഴിയുകയുമില്ല.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗമായതിനാല്‍ കെപിസിസി സംഘടിപ്പിക്കുന്ന പരിപാടിയില്‍ തരൂരിനെ ഔദ്യോഗികമായി ക്ഷണിക്കേണ്ടി വരും. അദ്ദേഹം എത്തുമെങ്കില്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രസംഗമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള കോഴിക്കോട്ടെ കെപിസിസി റാലി ചരിത്ര സംഭവമായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ-സാംസ്‌കാരിക-സമുദായ സംഘടനാ നേതാക്കള്‍ പങ്കെടുക്കുമെന്നും സുധാകരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി

 

Leave a Reply

Your email address will not be published. Required fields are marked *