അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്

രണ്ട് വര്‍ഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ന് സുപ്രീം കോടതിയില്‍ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്തത്. വിധി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങി. വയനാട് എംപിയായിരുന്ന രാഹുല്‍ ഗാന്ധിയെ കേസിലെ വിധിക്ക് പിന്നാലെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.

രാഹുലിനായി മനു അഭിഷേക് സിംഗ്വിയാണ് കോടതിയില്‍ വാദിച്ചത്. ഇരു വിഭാഗങ്ങള്‍ക്കും വാദിക്കാന്‍ പതിനഞ്ച് മിനിറ്റ് സമയമായിരുന്നു സുപ്രീം കോടതി അനുവദിച്ചത്. മോദി സമുദായത്തിന്റെ മതിപ്പിന് കോട്ടം വരുത്തുന്ന പ്രസ്താവനയെന്ന വാദം നില നില്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി വാദിച്ചു. കേസിലെ സാക്ഷി പോലും അപകീര്‍ത്തി പെടുത്താനാണ് പരാമര്‍ശം എന്ന് പറഞ്ഞിട്ടില്ലെന്നും വാദിച്ചു.

സമൂഹത്തിന് എതിരായ കുറ്റമല്ല ചെയ്തത്. 2 വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷ നല്‍കാന്‍ മാത്രമുള്ള ഗുരുതരമായ കുറ്റമല്ല ചെയ്തത്. ധാര്‍മിക തലമുണ്ടെന്ന് വിചാരണ കോടതി പറയുന്നു. താന്‍ ഒരു കുറ്റവാളി അല്ല. ജനാധിപത്യത്തിലെ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. 140 കോടി ജനങ്ങളുള്ള രാജ്യത്ത് ബി ജെ പിക്കാര്‍ മാത്രമാണ് പരാതിക്കാരാകുന്നത്. ഇത് എന്തുകൊണ്ടാണ്

ഹൈക്കോടതി ജഡ്ജി 66 ദിവസം വിധി പറയാന്‍ മാറ്റി. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങാത്തത് അവര്‍ക്ക് വിജയ സാധ്യതയില്ലാത്ത് കൊണ്ടാണെന്ന് രാഹുല്‍ വാദിച്ചയുടന്‍ രാഷ്ട്രീയ വാദങ്ങള്‍ വേണ്ടെന്നും നിയമവശം മാത്രം പറഞ്ഞാല്‍ മതിയെന്നും സുപ്രീം കോടതി നിലപാടെടുത്തു. അപകീര്‍ത്തി കേസിലെ വിധിയിലൂടെ രണ്ട് ലോക്‌സഭാ സെഷനുകള്‍ നഷ്ടമായെന്ന് രാഹുല്‍ തുടര്‍ന്ന് വാദിച്ചു.

പരാതിക്കാരന് വേണ്ടി അഭിഭാഷകന്‍ മഹേഷ് ജത് മലാനിയാണ് ഹാജരായത്. യഥാര്‍ത്ഥ വിഷയങ്ങള്‍ പറയുന്നില്ലെന്നും രാഹുല്‍ നടത്തിയ 50 മിനിറ്റ് പ്രസംഗത്തിന്റെ പൂര്‍ണരൂപമുണ്ടെന്നും അദ്ദേഹം വാദിച്ചു. മനപൂര്‍വ്വമാണ് രാഹുല്‍ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രിയോടുള്ള വിരോധത്തെ ഒരു സമുദായത്തെ മുഴുവനായി അധിക്ഷേപിക്കാന്‍ ഉപയോഗിച്ചു. വാക്കുകളില്‍ ഇത് ഒളിച്ചു കടത്തി. പ്രസംഗം ഓര്‍മ്മയില്ലെന്ന് രാഹുല്‍ പറഞ്ഞത് നുണയാണെന്നും അവര്‍ വാദിച്ചു. ഈ ഘട്ടത്തില്‍ ഒരു ദിവസം അമ്പത് പ്രസംഗം നടത്തുന്നവര്‍ എല്ലാം എങ്ങനെ ഓര്‍ത്തിരിക്കുമെന്ന് കോടതി ചോദിച്ചു.

വിചാരണ കോടതി രണ്ട് വര്‍ഷം എന്ന പരാമവധി ശിക്ഷയാണ് നല്‍കിയതെന്ന് പരാതിക്കാര്‍ വാദിച്ചു. തിരിച്ചറിയപ്പെടുന്ന സമുദായത്തെ ആകെ അധിക്ഷേപിച്ചതാണ് കുറ്റം. 9 സാക്ഷികളും ഇത് അംഗീകരിക്കുന്നു. ജനപ്രതിനിധികള്‍ അയോഗ്യരാകുമെന്ന കോടതി വിധി പിന്‍വാതിലിലൂടെ അട്ടിമറിക്കുന്നതാകും സ്റ്റേയെന്നും അവര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *