മീഡിയ വണ്‍ സംപ്രേക്ഷണ വിലക്കിന് സുപ്രീംകോടതിയുടെ സ്റ്റേ.അല്പസമയത്തിനുളളില്‍ ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണ വിലക്കിന് സുപ്രീംകോടതിയുടെ സ്‌റ്റേ. മീഡിയ വണിന്റെ സംപ്രേഷണം തടഞ്ഞ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് മീഡിയവണ്‍ മാനേജ്മെന്റും എഡിറ്റര്‍ പ്രമോദ് രാമനും പത്രപ്രവര്‍ത്തക യൂണിയനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്താണെന്ന് അറിയാന്‍ ഹരജിക്കാര്‍ക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ‘ഫയലുകള്‍ പുറത്തു വിടണം. ഹരജിക്കാര്‍ക്ക് അതറിയാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. ഇത് ഗുരുതരമായ സാഹചര്യമാണ്. ഇതംഗീകരിക്കാനാകില്ല.’ – ബഞ്ച് പറഞ്ഞു. ഹരജി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമെന്നും ഇടക്കാല ഉത്തരവു വേണമെന്നുമാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാരജായ ദുഷ്യന്ത് ദവെ വാദിച്ചത്.
മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈകോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹരജിക്ക് പുറമെ കേരള പത്രപ്രവര്‍ത്തക യൂനിയനുവേണ്ടി ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും ചാനലിലെ ജീവനക്കാര്‍ക്കുവേണ്ടി എഡിറ്റര്‍ പ്രമോദ് രാമനും കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
മീഡിയവണ്‍ ചാനല്‍ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റര്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കാതെ തൊഴില്‍ നിഷേധിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സീല്‍ വെച്ച കവറുകള്‍ പരിശോധിച്ച ശേഷമാണ് പ്രവര്‍ത്തനാനുമതി നല്‍കിയെന്നതും ശ്രദ്ധേയമാണ്.