സുരേഷ് ഗോപി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: നടന്‍ സുരേഷ് ഗോപി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനാെപ്പം ബി ജെ പി അദ്ധ്യക്ഷന്‍ ജെ പി നദ്ദയുമായും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തിയേക്കും. നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രിയാണ് സുരേഷ് ഗോപി കുടുംബസമേതം ഡല്‍ഹിയിലെത്തിയത്. കുടുംബവുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ ചടങ്ങില്‍ പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ എത്തിയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചതിന് പിന്നാലെ മോദി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു എന്നും അറിയുന്നുണ്ട്.വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപി മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി നടത്തുന്ന ചര്‍ച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. പദയാത്ര കേരളത്തിലെ ബിജെപിക്ക് ഉണര്‍വേകി എന്നാണ് വിലയിരുത്തല്‍. കേന്ദ്ര നേതാക്കളില്‍ പലരുടെയും ശ്രദ്ധ തൃശൂരിലെ പദയാത്രയ്ക്ക് ലഭിച്ചിരുന്നു.

സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ വിജയ സാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍. ഇത്തവണ തൃശൂര്‍ കയ്യിലൊതുക്കാനുള്ള രാഷ്ട്രീയ ആയുധമായി കരുവന്നൂര്‍ അടക്കമുള്ള വിഷയങ്ങളും ബിജെപിക്ക് മുന്നിലുണ്ട്.ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൃശൂര്‍ കേന്ദ്രീകരിച്ച് സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നുണ്ട്. പൊതു വിഷയങ്ങളില്‍ അടക്കം സുരേഷ് ഗോപി ജില്ലയില്‍ കേന്ദ്രീകരിച്ച് ഇടപെടുന്നുണ്ട്. പദയാത്ര അടക്കം ഇതിന്റെ ഭാഗമായാണ് നടത്തിയത്. കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപി നയിച്ച സഹകരണ സംരക്ഷണ പദയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിയിരുന്നു. ഗാന്ധിജയന്തി ദിനത്തില്‍ കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ നിന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പാര്‍ട്ടി പതാക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.

സത്യജിത്‌റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്‌തെങ്കിലും സ്ഥാനമേറ്റെടുക്കാന്‍ സുരേഷ് ഗോപി വൈമനസ്യം പ്രകടിപ്പിക്കുന്നതായി അഭ്യൂഹമുയര്‍ന്നിരുന്നു.മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരും എന്നതിനാലായിരുന്നു ഇത്. എന്നാല്‍ പിന്നീട് സ്ഥാനമേറ്റെടുക്കുമെന്ന് അദ്ദേഹം തന്നെ സാമൂഹമാദ്ധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഇത് ശമ്പളമുള്ള ജോലിയല്ലെന്നും പൂര്‍ണമായും രാഷ്ട്രീയക്കാരനായി തുടരാന്‍ സാധിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ ഉറപ്പു നല്‍കിയതിനാലാണ് ചുമതലയേറ്റെടുക്കുന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നിയമനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി,ആഭ്യന്തരമന്ത്രി,സുഹൃത്തായ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ എന്നിവര്‍ക്ക് നന്ദി പറയുന്നതായും സുരേഷ് ഗോപി അറിയിക്കുകയും ചെയ്തിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *