വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയാ പിഴവ്: സര്‍ക്കാരിനെതിരെ ഷാഫി പറമ്പില്‍ എംപിയുടെ വിമര്‍ശനം

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംപി. ഉഷ എന്ന സഹോദരിയുടെ അല്ല, പിണറായി സര്‍ക്കാരിന്റെ എക്സ്റേയാണിത് എന്നായിരുന്നു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഷാഫിയുടെ പ്രതികരണം. പിആര്‍ കഥകള്‍ക്കടിയില്‍ ഒളിപ്പിച്ചിരുന്ന ആരോഗ്യരംഗത്തിലെ യഥാര്‍ത്ഥ ഇരുണ്ട കാലത്തിന്റെ ചിത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം ഭരണത്തിലെ ആരോഗ്യ വകുപ്പിന്റെ ചിഹ്നം അരിവാള്‍-കത്രിക-നക്ഷത്രം ആണെന്നും ഷാഫി പരിഹസിച്ചു.

അതേസമയം, ഗുരുതര വേദന അനുഭവിക്കുന്ന ഉഷ ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് വര്‍ഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം ഇത്രയും കാലം അസഹ്യമായ വേദന സഹിച്ചുവെന്ന് ഉഷ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആരോഗ്യപ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു. ഡോ. ഷാഹിദയും നഴ്സ് ധന്യയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.