നിപ ബാധയെന്ന് സംശയം; പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണം

കോഴിക്കോട്: പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കോഴിക്കോട് ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നിപ ബാധ സംശയിച്ചാണ് ആരോഗ്യവകുപ്പിന്റെ നടപടി. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലാണ് രണ്ട് പേര് മരിച്ചത്. മരിച്ച ഒരാളുടെ ബന്ധുവിനെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സാഹചര്യം വിലയിരുത്താനായി ഉന്നതതല യോഗം ചേര്‍ന്നു.
ആദ്യം മരിച്ച രോഗിയുടെ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കാന്‍ കഴിഞ്ഞിട്ടില്ല. സംശംയം ഉടലെടുത്തതിനാല്‍ രണ്ടാമത് മരിച്ച രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇവയുടെ ഫലം വരുന്ന മുറയ്ക്കേ നിപ ബാധ സ്ഥിരീകരിക്കാനാകു.ആദ്യം മരിച്ച രോഗി ചികിത്സയില്‍ തുടരവേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തിയാണ് പിന്നീട് അസുഖം മൂര്‍ച്ഛിച്ച് മരിച്ചത് എന്നാണ് വിവരം. ഇയാളുടെ മകന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കുട്ടിയുടെ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ ഫലം ലഭ്യമായിട്ടില്ല. കൂടാതെ സാമ്പിളുകള്‍ ചൊവ്വാഴ്ച്ച പൂനയിലെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേയ്ക്കും പരിശോധനയ്ക്ക് അയക്കും.