ഗാസയിൽ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നു; 60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്

ഗാസയില്‍ വെടിനിര്‍ത്തലിനായി കൊണ്ടുവന്ന പുതിയ കരാര്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് വാര്‍ത്ത പുറത്തുവിട്ടത്. മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങള്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള 50ഓളം ബന്ദികളെ രണ്ട് ഘട്ടമായി മോചിപ്പിക്കും. ഈ സമയത്ത് സ്ഥിരമായ വെടിനിര്‍ത്തലിനെക്കുറിച്ചും ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാന്‍ ഹമാസ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കീഴടങ്ങുന്നതിനുപകരം ആയുധങ്ങള്‍ ഉപേക്ഷിക്കാനും രാജ്യാന്തര മേല്‍നോട്ടത്തില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും യുഎന്‍ മേല്‍നോട്ടത്തില്‍ ഗാസയില്‍ ഒരു അറബ് സേനയെ വിന്യസിക്കാനും ഹമാസ് സമ്മതം അറിയിച്ചിട്ടുണ്ട്.