പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍; കോഴിക്കോടും മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വകുപ്പിന്റെ അടിയന്തര യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. രണ്ട് ജില്ലകളിലുമായി 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്.

കോഴിക്കോട് നാലുപേര്‍ക്കും മലപ്പുറത്ത് ആറുപേര്‍ക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് ചികിത്സയിലുള്ള ഒരാളുടെ സ്ഥിതി ഗുരുതരമാണ്. രോഗം സ്ഥിരീകരിച്ച ഒരാള്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ വൃക്ക മാറ്റിവച്ച് ശേഷം തുടര്‍ ചികിത്സയിലായിരുന്നു. അതുകൊണ്ട് തന്നെ മരണ കാരണം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

കൊതുകുകള്‍ പരത്തുന്ന രോഗമാണ് വെസ്റ്റ്‌നൈല്‍ ഫീവര്‍. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് വെസ്റ്റ്‌നൈല്‍ ഫീവറിനും അനുഭവപ്പെടുക. ക്യൂലക്‌സ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്.

ലക്ഷണങ്ങള്‍

കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പ് തുടങ്ങിയവയാണ് വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങള്‍. രോഗം ബാധിച്ചവരില്‍ ഏറെ പേര്‍ക്കും ചെറിയ തോതിലാണ് ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. 20 ശതമാനത്തോളം പേരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാറുമുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഒരു ശതമാനം പേരില്‍ തലച്ചോര്‍ വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈറസ് ബാധയേറ്റ് രണ്ട് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *