ഭീകരതയെ വേരോടെ പിഴുതെറിയും: അമിത് ഷാ

ന്യൂഡല്‍ഹി: പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയ്‌ക്കെതിരായ ഏത് ആക്രമണത്തിനും മോദി സര്‍ക്കാര്‍ തിരിച്ചടി നല്‍കുമെന്നും സൈന്യത്തില്‍ അഭിമാനമെന്നും അമിത്ഷാ എക്‌സില്‍ കുറിച്ചു. ഭീകരതയെ വേരോടെ പിഴുതെറിയുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ സായുധ സേനയില്‍ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ഹീനമായി കൊലപ്പെടുത്തിയതിനുള്ള രാജ്യത്തിന്റെ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യയ്ക്കും നമ്മുടെ ജനതയ്ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കുമെന്ന് മോദി സര്‍ക്കാര്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഭീകരവാദത്തെ വേരൊടെ പിഴുതെറിയും’, അമിത് ഷാ എക്സില്‍ കുറിച്ചു

പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സേനയുടെ നടപടി സ്വാഗതം ചെയ്ത് കോണ്‍ഗ്രസും രം??ഗത്തെത്തിയിരുന്നു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ സേനയില്‍ അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. അവരുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സേനയ്ക്കും സര്‍ക്കാരിനുമൊപ്പം ഉറച്ചുനിന്നു. ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു. ദേശീയ ഐക്യവും ഐക്യദാര്‍ഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നമ്മുടെ സായുധ സേനയ്ക്കൊപ്പം നില്‍ക്കുന്നു. ദേശീയ താല്‍പ്പര്യമാണ് തങ്ങള്‍ക്ക് പരമപ്രധാനമെന്നും ഖര്‍ഗെ എക്‌സില്‍ കുറിച്ചു.

ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും കോണ്‍ഗ്രസ് ഇന്ത്യയുടെ സായുധ സേനയ്ക്കൊപ്പമാണെന്നും ജയറാം രമേശ് എംപി പറഞ്ഞു. സേനയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കുറിച്ചു.

ഇന്ന് പുലര്‍ച്ചെ ആയിരുന്നു പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *