തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ല ; അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കും : കെ മുരളീധരൻ

തിരുവനന്തപുരം: ശശി തരൂർ നിലപാട് തിരുത്താത്തിടത്തോളം തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും അദ്ദേഹത്തെ പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരൻ. തരൂരിന്റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണ്. അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെ. തരൂർ ഇപ്പോൾ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

എന്നാൽ മുരളീധരന്റെ വിമർശനങ്ങൾക്ക് ശശി തരൂർ എംപി മറുപടി പറഞ്ഞില്ല. വിമർശനങ്ങളിൽ ആരെക്കുറിച്ചും ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയുടെ കാര്യത്തിൽ മറ്റ് പാർട്ടികളുമായി സഹകരിക്കേണ്ടിവരും. എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് താൻ സംസാരിച്ചത്. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ലേഖനത്തിൽ പുതുമയൊന്നുമില്ല. താൻ നേരത്തേ എഴുതിയ കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം കാന്തപുരത്തിനെതിരേയുള്ള എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തെയും മുരളീധരൻ വിമർശിച്ചു. പരാമർശം അദ്ദേഹം തിരുത്തണം. വെള്ളാപ്പള്ളിയുടെ പിൻബലം മുഖ്യമന്ത്രിയാണ്. മലപ്പുറത്തിനെതിരേ പരാമർശം നടത്തിയപ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണച്ചുവെന്നും മുരളീധരൻ പറഞ്ഞു.