തിരുവനന്തപുരം :സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ചെറിയ തോതിലുള്ള അഴിമതി പ്രശ്‌നങ്ങളുണ്ടെന്ന് തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ കോണ്‍ഗ്രസിലാണ് മുഖ്യമന്ത്രിയുടെ തുറന്നുപറച്ചില്‍. അഴിമതിയെ ഗൗരവമായി കാണണം. സഹകരണ മേഖല കരുത്താര്‍ജിച്ചപ്പോള്‍ ദുഷിച്ച പ്രവണതകള്‍ പൊങ്ങിവന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ ഇ.ഡി നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ട്. പക്ഷേ സര്‍ക്കാര്‍ കാര്യത്തില്‍ അതു പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിനു പുറത്തുള്ള ഏജന്‍സികള്‍ ഇവിടെ ഇടപെടുന്നുണ്ട്. സ്വര്‍ണ കള്ളകടത്ത് നടന്നപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. പിന്നെ നടന്നതൊന്നും പറയുന്നില്ല. ഒരു സ്ഥാപനത്തില്‍ ക്രമക്കേടു നടന്നു. അവിടെ കേന്ദ്ര ഏജന്‍സി എത്തി. പക്ഷേ പ്രധാന കുറ്റാരോപിതന്നെ അവര്‍ മാപ്പുസാക്ഷിയാക്കി. രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ കാര്യങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കണം. അതിനു വേണ്ടിയാണ് പ്രധാന പ്രതിയെ മാപ്പു സാക്ഷിയാക്കിയത്.
ഒരു ജീവനക്കാരും അനര്‍ഹമായി വായ്പയെടുക്കരുത്. ബോര്‍ഡ് അംഗങ്ങളോ ബന്ധുക്കളോ വായ്പയെടുത്തിട്ടുണ്ടോയെന്ന് ജനറല്‍ ബോഡി പരിശോധിക്കണം. ഓഡിറ്റ് നടത്തി കുറ്റക്കാരയവരെ കണ്ടെത്തിയാല്‍ പൊലിസിനു കൈമാറും. കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തതു നടന്നു. പക്ഷേ കര്‍ശനമായ നടപടി എടുത്തു. 2011ല്‍ നടന്ന ക്രമക്കേട് അടുത്തിടെയാണ് കണ്ടെത്തിയത്. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയാതെ ഇതു നടക്കില്ല. അതിനാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പറഞ്ഞു.