മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പരാതി എഡിജിപി അന്വേഷിക്കും

ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് അന്വേഷണ ചുമതല.

സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ദേശാഭിമാനി ഓഫിസില്‍ 2 ദിവസം ചെലവിട്ട് സമ്പന്നരില്‍നിന്നു പണം കൈപ്പറ്റിയെന്നും അതില്‍ 2 കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താന്‍ സാക്ഷി ആണെന്നുമാണു ശക്തിധരന്‍ ആരോപിച്ചത്. ആ പണം കൈതോലപ്പായയില്‍ പൊതിഞ്ഞ് ഇന്നോവ കാറില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഒരു മന്ത്രിയും ആ കാറില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എതിരെ കേസുകളുടെ കുരുക്ക് സര്‍ക്കാര്‍ മുറുക്കുമ്പോഴാണ് മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. പ്രതിപക്ഷത്തിനെതിരെ കേസെടുത്ത അതേ രീതി ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുടെ കാര്യത്തിലും ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അന്വേഷണത്തിനുള്ള നിര്‍ദ്ദേശം.

ഇതേ സമയത്തു തന്നെയാണ് ‘ലീഡ്’ ഓണ്‍ലൈനില്‍ കേരളത്തില്‍ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഉന്നത ലോബി പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വിട്ടത്. സംശയകരമായ ബിസിനസ് ഇടപാടുകള്‍ക്കു മുഖ്യമന്ത്രിയുടെ ആശീര്‍വാദം ലഭിക്കുന്നുവെന്ന ആക്ഷേപമാണ് വാര്‍ത്തയുടെ കാതല്‍. മുഖ്യമന്ത്രിക്കെതിരായ ആരോപണം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കു കാരണമായെങ്കിലും സിപിഎമ്മിലെ ആരും പ്രതികരിച്ചില്ല. ആരോപണം അവഗണിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *