പഹൽഗാമിലെ ആക്രമണം നീണ്ടത് 15 മിനിറ്റ്, സംഘത്തിൽ 4 ഭീകരർ,ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയെന്നും സ്ഥിരീകരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണം 15 മിനിറ്റ് നീണ്ടുനിന്നെന്ന് സ്ഥിരീകരണം. നാല് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ രണ്ട് പേര്‍ കശ്മീരികളും രണ്ട് പേര്‍ പാക്കിസ്ഥാനിലെ പഖ്തൂണ്‍ വംശജരുമാണ്. ഭീകരര്‍ ക്യാമറയുമായാണ് വന്നതെന്നും സ്റ്റീല്‍ ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും സ്ഥിരീകരിച്ചു. ഭീകരര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് ഏജന്‍സികള്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ 3.30 മണിക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കും. അതിനിടെ ജമ്മു കശ്മീരില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലിയിലേക്ക് മടങ്ങി.
സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു പഹല്‍ഗാമിലെ ബൈസരന്‍ താഴ്വര. മിനി സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെട്ട സ്ഥലം. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തതോടെ കൊടും ഭീകരതയുടെ മുഖമായി ലോകത്തിന് മുന്നില്‍ ഇവിടം മാറി. മതം ചോദിച്ച് ഭീകരര്‍ വെടിയുതിര്‍ത്തപ്പോള്‍ 26 ജീവനുകള്‍ പിടഞ്ഞുവീണ് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.
പഹല്‍ഗാമിലും, അനന്ത്‌നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. ഇന്ന് പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രനടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. അമിത്ഷായെ കണ്ടതോടെ മരിച്ചവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പൊട്ടിക്കരഞ്ഞു.
സംഭവത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും.
ഒപ്പം സിന്ധു നദീ ജല കരാര്‍ റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ലഷ്‌ക്കര്‍ ഇ തയ്ബ തലവന്‍ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്ന് തിരിച്ചറിഞ്ഞു. ആക്രമണം നടത്തിയ 4 ടിആര്‍എഫ് ഭീകരരുടെ ചിത്രം പുറത്ത് വിട്ടു. ഭീകരാക്രമണം നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം ആദരം അര്‍പ്പിച്ചു.