കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി

മാദ്ധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരെയുള്ള നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒന്നിനായിരുന്നു ശ്രീറാം സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാര്‍ ഇടിച്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. വഫയെ കേസില്‍ നിന്നും ഒഴിവാക്കിയതായും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

തനിക്കെതിരെയുള്ള നരഹത്യാ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനയില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നെന്നും അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും ശ്രീറാം കോടതിയെ അറിയിച്ചിരുന്നു. ഇത് സാധാരണ മോട്ടോര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമായിരുന്നു ശ്രീറാമിന്റെ വാദം. അതിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടത്.

ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്കെതിരായി മനപ്പൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയെങ്കിലും നരഹത്യാകേസ് ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *