പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും

കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഇന്ന് സിബിഐ കോടതി വിധി പറയും. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി ഇന്ന് വിധി പറയുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിധി വരുന്നതിന് മുന്നോടിയായി കല്യോട്ട് ഇന്നലെ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി.

ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേര്‍ത്തു. ഇതില്‍ 11 പേരെ അറസ്റ്റുചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐയാണ് പത്തുപേരെക്കൂടി പ്രതി ചേര്‍ത്തത്. കൃത്യത്തില്‍ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരന്‍ അടക്കമുളളവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയതെങ്കില്‍ സംഭവത്തിനു പിന്നിലെ ഗൂഡാലോചനയിലാണ് സിബിഐ അന്വേഷണം കേന്ദ്രീകരിച്ചത്. അങ്ങനെയാണ് ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി കുഞ്ഞിരാമന്‍ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍ ബാലകൃഷ്ണന്‍ , ഭാസ്‌കരന്‍ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളാവുകയും ചെയ്തു. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ തുടങ്ങിയത്.

അതേസമയം കോടതി വരുമ്പോള്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍. കേസില്‍ തങ്ങളോടൊപ്പം നിന്ന അഡ്വ. സി കെ ശ്രീധരന്‍ പിന്നീട് പ്രതികള്‍ക്ക് വേണ്ടി വാദിക്കാനെത്തിയത് വലിയ ചതിയായെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. നല്ലൊരു വിധി വന്നാല്‍ സികെ ശ്രീധരന്റെ വക്കീല്‍ പണി ഇതോടെ അവസാനിക്കും. പെരിയ ഇരട്ട കൊലക്കേസിലെ കോടതി വിധിയിലൂടെ നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സത്യനാരായണന്‍ പറഞ്ഞു. പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നീതി കിട്ടുമെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *