മരിച്ചതായി വാർത്ത നൽകി പത്രങ്ങളിൽ ‘മൃതദേഹം’ മോർച്ചറിയിലേക്ക് മാറ്റാനെടുത്തതും ജീവന്റെ തുടിപ്പ്

കണ്ണൂർ : മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ അറുപത്തേഴുകാരന് പുതുജീവൻ. കൂത്തുപറമ്പ് പാച്ചപൊയ്കയിലെ പുഷ്പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രനാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കണ്ണൂർ എ.കെ .ജി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ കൊണ്ടുവന്നതായിരുന്നു. മൃതദേഹം മാറ്റാൻ വന്ന സൂപ്പർ വൈസർ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയനും ഇലക്ട്രീഷ്യൻ അനൂപുമാണ് ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞതും രക്ഷകരായതും.

മംഗളൂരുവിലെ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന പവിത്രനെ ഏറിയാൽ പത്തു മിനിട്ടിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞ് മടക്കി അയച്ചതായിരുന്നു. ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരുന്ന വേളയിൽ ജീവന്റെ ലക്ഷണം കാണിച്ചതുമില്ല. രാത്രിയായതിനാൽ കണ്ണൂർ എ.കെ .ജി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനിച്ചു.തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് മോർച്ചറിക്ക് മുന്നിൽ എത്തിച്ചത്. ജയനും അനൂപും ചേർന്ന് സ്ട്രച്ചറുമായി ആംബുലൻസിൽ കയറി മൃതദേഹം അതിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോഴാണ് ശരീരത്തിന് ചലനമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ബന്ധുക്കളോട് വിവരം പറഞ്ഞശേഷം ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

നിലവിൽ ഗ്യാസ്‌ട്രോ ഐ.സിയുവിൽ ചികിത്സയിലാണ് പവിത്രൻ.ശ്വാസംമുട്ടലും വൃക്ക സംബന്ധമായ അസുഖവും കാരണം മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേ സമയം പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം നൽകിയതെന്ന് എ.കെ.ജി .ആശുപത്രി അധികൃതർ പറഞ്ഞു.മരണവാർത്ത അറിഞ്ഞ് ബന്ധുക്കൾ മോർച്ചറിക്ക് മുന്നിൽ എത്തിയിരുന്നു. മരണ വാർത്ത പത്രങ്ങൾക്ക് നൽകുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *