രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് കണ്ണൂരില് തുടക്കം

കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം കണ്ണൂര് പൊലീസ് മൈതാനിയിൽ ഞായറാഴ്ച വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 14 വരെ നടക്കുന്ന “എന്റെ കേരളം’ മെഗാ എക്സിബിഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷനാകും.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, തുറമുഖ- മ്യൂസിയം- പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മേയർ ടി.ഒ. മോഹനൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ്കുമാർ, കെ.പി. മോഹനൻ, കോവൂർ കുഞ്ഞുമോൻ എന്നിവർ ആശംസ നേരും.
എംപിമാരായ കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ, എംഎൽഎമാരായ കെ.കെ. ശൈലജ, എ.എൻ. ഷംസീർ, ടി.ഐ. മധുസൂദനൻ, സജീവ് ജോസഫ്, കെ.വി. സുമേഷ്, എം. വിജിൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കണ്ണൂർ ജില്ലാ കലക്റ്റർ എസ്. ചന്ദ്രശേഖർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്റ്റർ എസ്. ഹരികിഷോർ, കണ്ണൂർ നഗരസഭ വിദ്യാഭ്യാസ- കായിക സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ എന്നിവർ സംബന്ധിക്കും. ചീഫ് സെക്രട്ടറി വി.പി. ജോയി സ്വാഗതവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി കെആർ ജ്യോതിലാൽ നന്ദിയും പറയും.
തദ്ദേശ സ്ഥാപന പ്രതിനിധികൾ, പൊതുജനങ്ങൾ, സാമൂഹ്യ സാംസ്കാരിക മേഖലയിലുള്ളവർ എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനുശേഷം ചലച്ചിത്ര പിന്നണി ഗായകൻ മിഥുൻ ജയരാജ് അവതരിപ്പിക്കുന്ന “ശ്രുതി മധുരം’ ഷോ അരങ്ങേറും. ഉദ്ഘാടന ചടങ്ങിന് മുമ്പായി വൈകിട്ട് 4.30ന് ഗ്രാമ്യ നിടുവാലൂർ അവതരിപ്പിക്കുന്ന നാടൻ പാട്ട് തുടർന്ന്, കേരള ക്ഷേത്ര കലാ അക്കാദമി അവതരിപ്പിക്കുന്ന പഞ്ചവാദ്യം എന്നിവ.
സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും “എന്റെ കേരളം’ പ്രദർശന മേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാർഷികാഘോഷ പരിപാടികളുടെ സമാപനം.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ പങ്കാളിത്തത്തോടെ സർക്കാരിന്റെ വിവിധ വകുപ്പുകൾ, മിഷനുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവ ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്. സർക്കാരിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും ഭാവി കാഴ്ച്ചപ്പാടും പ്രതിഫലിക്കുന്ന രീതിയിലാണ് പ്രദർശനം സജ്ജമാക്കിയിട്ടുള്ളത്. പൊലീസ് മൈതാനിയിലെ “എന്റെ കേരളം’ അരങ്ങിൽ എല്ലാ ദിവസവും വൈകീട്ട് ആറ് മണിക്ക് കലാ സാംസ്കാരിക സന്ധ്യ അരങ്ങേറും.