മേയര്‍മാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെന്ന് മുന്നണികൾ

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ തുടര്‍ന്ന് മുന്നണികള്‍. തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് വി വി രാജേഷും ,ആര്‍ ശ്രീലേഖയും ആണ് പരിഗണനയിലുള്ളത്. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ മേയര്‍മാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെന്ന് കോണ്‍ഗ്രസ്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, വി.കെ മിനിമോള്‍, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. കോഴിക്കോട് ഡോ. എസ് ജയശ്രീയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സിപിഐഎം നീക്കം.
തലസ്ഥാന നഗരഭരണം പിടിച്ച ബി.ജെ.പി ആരെ മേയറാക്കുമെന്നതില്‍ സസ്‌പെന്‍സ് തുടരുകയാണ്. സംസ്ഥാന സെക്രട്ടറി വി.വി.രാജേഷും മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുമാണ് സജീവ പരിഗണനയിലുള്ളത്. എന്നാല്‍ കേന്ദ്രനേതൃത്വത്തിന്റെ അന്തിമ അനുമതി ഇക്കാര്യത്തില്‍ വേണം. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന അധ്യക്ഷന് ഉചിതമായ തീരുമാനത്തെ കേന്ദ്രം അംഗീകരിക്കാനാണ് സാധ്യത.
കോര്‍പറേഷന്‍ കൗണ്‍സില്‍ നടപടികളില്‍ മുന്‍പരിചയവും നയപരമായ സമീപനവും കൈക്കൊള്ളാന്‍ കഴിയുന്നയാളെ മേയറാക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. അങ്ങനെയെങ്കില്‍ അത് രാജേഷിന് അനുകൂലമാകും. രാജേഷ് മേയറായാല്‍ ശ്രീലേഖയെ ഡെപ്യൂട്ടിമേയാക്കിയേക്കും. മേയര്‍ സ്ഥാനം പുരുഷനു നല്‍കിയാല്‍ ഡെപ്യൂട്ടി മേയറായി വനിതയായിരിക്കണം. ശ്രീലേഖയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കാനും ആലോചനയുണ്ട്. ഡെപ്യൂട്ടി മേയറെന്ന തിളക്കത്തോടെ മത്സരംഗത്തിറങ്ങിയാല്‍ അത് മുതല്‍കൂട്ടാകുമെന്നും ഒരുവിഭാഗം പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നു.