പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ കാമുകി പിടിയില്‍

അയിരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മര്‍ദിച്ചവശനാക്കി എറണാകുളത്തു റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്നാണ് ഇവരെ പിടികൂടിയത്. പ്രണയബന്ധത്തില്‍ നിന്നു പിന്മാറാത്തതിന് ലക്ഷ്മിപ്രിയ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ ലക്ഷ്മിപ്രിയയാണ് ഒന്നാം പ്രതി.

സംഭവവുമായി ബന്ധപ്പെട്ട് എട്ടാം പ്രതി എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മിപ്രിയ കൂടി ഉള്‍പ്പെട്ട സംഘമാണു യുവാവിനെ മര്‍ദിച്ചത്. ലക്ഷ്മിപ്രിയ അടക്കം 8 പേര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ബാക്കി ആറു പേര്‍ ഇപ്പോഴും ഒളിവിലാണ്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ലക്ഷ്മിപ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് ലക്ഷ്മിപ്രിയ മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുന്‍ കാമുകനെ ഒഴിവാക്കാന്‍ ഇപ്പോഴത്തെ കാമുകനൊപ്പം ചേര്‍ന്നു ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. പുതിയ കാമുകന്റെ കാറിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *