ആഗോള അയ്യപ്പ സംഗമത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മന്ത്രി വി എന്‍ വാസവന്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്. ഒരു വര്‍ഷം മുമ്പ് ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ച ആശയമാണിത്. കഴിഞ്ഞ തീര്‍ത്ഥാടനകാലം കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിഞ്ഞു.
കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെത്തിയ ശ്രീലങ്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമുള്ള അയ്യപ്പ ഭക്തര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട് സംസാരിച്ചു. അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കാനായി ഒരു കൂട്ടായ്മ സംഘടിപ്പിക്കാമോയെന്ന് ചോദിച്ചിരുന്നുവെന്ന് മന്ത്രി വാസവന് പറഞ്ഞു.
ഈ ആശയം കൂടി നേരത്തെയെടുത്ത തീരുമാനത്തിന് സഹായകരമായി വന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡ് അയ്യപ്പ സംഗമത്തിന് തീരുമാനമെടുത്തത്. ദേവസ്വം ബോര്‍ഡിന് ഒറ്റയ്ക്ക് നടത്താന്‍ കഴിയാത്തതിനാല്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനം കൂടി വേണം. അതിന് സര്‍ക്കാര്‍ സഹായിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ രാഷ്ട്രീയമായിട്ടോ, മറ്റേതെങ്കിലും വിഭാഗീയമായിട്ടോ കാണേണ്ട പ്രശ്നമില്ലെന്ന് മന്ത്രി വാസവന് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് മൂന്നുകാര്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. അയ്യപ്പ സംഗമം നടക്കുന്നത് ശബരിമലയില്‍ അല്ല, പമ്പയിലാണ്. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനുണ്ട്. ഹൈപ്പവര്‍ കമ്മിറ്റി അംഗീകരിച്ച പ്ലാനില്‍ 773 കോടി രൂപയുടെ വികസനം മൂന്നുഘട്ടങ്ങളിലായി ശബരിമലയിലും , 250 കോടിയുടെ വികസനം പമ്പയിലും നിലയ്ക്കലുമായി നടപ്പാക്കാനുള്ള പ്രോജക്ടാണ് നല്‍കിയിട്ടുള്ളത്. അത് മന്ത്രിസഭ അംഗീകരിച്ച് നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.
ശബരിമല വിമാനത്താവളത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പും ഭാവി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു നീങ്ങുകയാണ്. ശബരിമല റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ധാരണയായിട്ടുണ്ട്. ഇങ്ങനെ പുതിയ പശ്ചാത്തല സൗകര്യം വിദേശികളും സ്വദേശികളുമായ അയ്യപ്പ ഭക്തര്‍ക്ക് ഒരുക്കിക്കൊടുക്കുകയും നിലവില്‍ മുന്നോട്ടു വന്ന വികസനകാര്യങ്ങളും ചര്‍ച്ച ചെയ്യുക എന്നതാണ് അയ്യപ്പസംഗമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മറ്റൊന്ന് ശബരിമലയിലെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുകയെന്നതാണ്. മന്ത്രി വാസവന് കൂട്ടിച്ചേര്‍ത്തു.