തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാന ബജറ്റ് നേരത്തെയാക്കാന്‍ തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍. ജനുവരിയില്‍ തന്നെ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ധാരണ. തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് തന്നെ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍ഗണന. ഫെബ്രുവരി അവസാനമോ അല്ലെങ്കില്‍ മാര്‍ച്ച് ആദ്യമോ ആയിരുന്നു സംസ്ഥാന ബജറ്റിന്റെ പതിവ് രീതി.
ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചാല്‍ മാത്രം പോര, അത് പാസാക്കിയെടുക്കാന്‍ ആഴ്ചകള്‍ നീണ്ട നടപടി ക്രമങ്ങളുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇതെല്ലാം പൂര്‍ത്തിയാക്കണമെങ്കില്‍ ജനുവരിയില്‍ തന്നെ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കണം. ധനവകുപ്പും പ്ലാനിംഗ് ബോര്‍ഡും ഇതിനായി ചര്‍ച്ചകളും കൂടിയായാലോചനകളും തുടങ്ങിയെന്നാണ് വിവരം. സര്‍ക്കാര്‍ സേവനങ്ങള്‍ക്കും നികുതികള്‍ക്കും എല്ലാം നിരക്ക് കൂട്ടിയും ഇന്ധന സെസ്സ് ഏര്‍പ്പെടുത്തിയും സാധാരണക്കാരന് തിരിച്ചടിയാകുന്ന നിര്‍ദ്ദേശങ്ങള്‍ക്കായിരുന്നു കഴിഞ്ഞ ബജറ്റില്‍ മുന്‍തൂക്കം. സംസ്ഥാന സര്‍ക്കാരിന്റെ വരുമാന വര്‍ദ്ധനയുടെ പേര് പറഞ്ഞ് നടത്തിയ പ്രഖ്യാപനങ്ങളെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തവണ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ക്കാകും ബജറ്റ് മുന്‍തൂക്കമെന്നാണ് പ്രതീക്ഷിക്കുന്നത്