നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മലപ്പുറം: നിപ ബാധിച്ച യുവതിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവതിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 49 പേരാണുള്ളത്. അതില്‍ ആറ് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. 49 പേരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 45 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍പ്പെടുന്നവരാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ അഞ്ച് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ ഉണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ മാസം 25-ാം തീയതിയാണ് യുവതിക്ക് പനി തുടങ്ങിയത്. തുടര്‍ന്ന് 26ന് വളാഞ്ചേരിയിലുള്ള ക്ലിനിക്കില്‍ ചികിത്സ തേടി. 27 ന് വീട്ടില്‍ തുടര്‍ന്നു. 28ന് വളാഞ്ചേരിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. 29ന് ലാബിലും വളാഞ്ചേരിയിലെ ക്ലിനിക്കിലും പോയി. 30നും ഇതേ ലാബില്‍ പരിശോധനയ്ക്ക് എത്തി. തൊട്ടടുത്ത ദിവസം വളാഞ്ചേരിയിലെ ലാബിലും ക്ലിനിക്കിലും പോയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

രോഗലക്ഷണങ്ങളുള്ളവര്‍ക്ക് നിലവില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. സമ്പര്‍ക്കപ്പട്ടികയിലുള്ള മറ്റുള്ളവരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്

Leave a Reply

Your email address will not be published. Required fields are marked *