വീണക്കെതിരായ മാസപ്പടി വിവാദത്തില്‍ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ മാസപ്പടി വിവാദത്തില്‍ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. ഹര്‍ജിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ മരണം അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.
മാസപ്പടി ആരോപണം അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമേ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. തന്റെ വാദം കേള്‍ക്കാതെയാണ് വിജിലന്‍സ് കോടതി ആവശ്യം തള്ളിയതെന്ന് ഹര്ജിക്കാരന് വാദിച്ചു. തന്റെ വാദം കൂടി കേട്ട് വിജിലന്‍സ് കോടതി തീരുമാനമെടുക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു.
ഹര്ജിക്കാരന് മരിച്ച നിലയില്‍
കളമശ്ശേരി കുസാറ്റിന് സമീപത്തെ വീടിനുള്ളിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ഇന്നലെ രാത്രി വരെ സുഹൃത്തുക്കളുമായി സംസാരിച്ച ശേഷം ഒറ്റയ്ക്കാണ് മുറിയില്‍ ഉറങ്ങാന്‍ കിടന്നത്. മാസപ്പടി കേസ് ഇന്ന് ഹൈക്കോടതിയില്‍ വരുന്നതിനാല്‍ നേരത്തെ വിളിക്കണമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. രാവിലെ ഏഴരയോടെ ഭാര്യ പല തവണ കതകില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് സമീപവാസികളെത്തി കതക് ചവിട്ടി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
തലച്ചോറിലെ ബ്ലോക്കിന് കഴിഞ്ഞ ഏപ്രിലില്‍ ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയും നിര്‍ദ്ദേശിച്ചിരുന്നു. വരുംദിവസങ്ങളില്‍ തുടര്‍ചികിത്സക്കുള്ള ഒരുക്കത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ അസ്വാഭാവിക മരണത്തിന് കളമശ്ശേരി പൊലീസ് കേസെടുത്തു.
സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന ഗിരീഷ് ബാബു പിന്നീട് സജീവ പൊതുപ്രവര്‍ത്തനത്തിലേക്ക് മാറുകയായിരുന്നു. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി, പെരിയാറിലെ മലിനീകരണം, ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാസപ്പടി വിഷയം തുടങ്ങി നിരവധി കേസുകളിലെ ഹര്‍ജിക്കാരനാണ്.