കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പോലീസിനും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടുന്നതല്ലേ നല്ലതെന്നു കോടതി.അക്രമിയെ നേരിടാന്‍ പോലീസിന്റെ കൈയില്‍ തോക്കില്ലായിരുന്നോ എന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. ആ സമയത്ത് പോലീസ് എന്ത് ചെയ്യുകയായിരുന്നു?
ആശുപത്രിയിലേക്കു പ്രതിയെ എത്തിച്ചത് പോലീസാണ്. പോലീസിനു പ്രതികളുടെ പെരുമാറ്റം മനസിലാക്കാന്‍ കഴിയണം. അല്ലെങ്കില്‍, പരിശീലനം ലഭിച്ച സേനയെന്ന് എന്തിന് അവകാശപ്പെടണമെന്നും കോടതി വിമര്‍ശിച്ചു.
ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുടെ ബെഞ്ചാണ് പ്രത്യേക സിറ്റിങ്ങില്‍ വിഷയം പരിഗണിച്ചത്. ഡോക്ടര്‍ക്കു മുന്നിലേക്ക് അക്രമിയെ നിര്‍ത്തിക്കൊടുക്കുകയാണ് പോലീസ് ചെയ്തത്. പലരേയും അക്രമിച്ച ശേഷം ഒടുവിലാണു ഡോ. വന്ദന ദാസിനെ അക്രമിച്ചത്. അത്രയും സമയം അക്രമിയെ തടയാതിരുന്ന പോലീസിന്റെ പണി പിന്നെയെന്താണെന്നും കോടതി ചോദിച്ചു.
പരാതിക്കാരനായാണ് സന്ദീപിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. സഹായം ആവശ്യപ്പെട്ട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുകയായിരുന്നു. പോലീസ് ഇയാളെ കണ്ടെത്തുമ്പോള്‍ പരുക്കുകളുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചു മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചപ്പോഴൊന്നും ഇയാള്‍ പ്രശ്നം ഉണ്ടാക്കിയില്ല. തുടര്‍ന്ന് ഡ്രസിങ് റൂമിലേക്ക് മാറ്റി. കാലിലെ മുറിവ് ക്ലീന്‍ ചെയ്യുന്നതിനിടെയാണ് പെട്ടെന്ന് പ്രകോപിതനായത്. ആദ്യം ബന്ധുവിനെ ചവിട്ടി. പിന്നീട് പുറത്തുവന്ന് പോലീസുകാരെ ആക്രമിച്ചു. ഒടുവിലാണ് ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
പ്രതിയെ പരിശോധിക്കുമ്പോള്‍ പോലീസ് മാറിനിന്നത് മുമ്പ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. പ്രതികളെയും മറ്റും ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോള്‍ പോലീസ് അടുത്തു വേണ്ടാ എന്നാണ് ഉത്തരവെന്നും വ്യക്തമാക്കി.
എന്നാല്‍ ഈ വിശദീകരണങ്ങള്‍ ഹൈക്കോടതി തള്ളി. ഉത്തരവ് പോലീസ് ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് കോടതി പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ പോലീസ് മര്‍ദനം ആരോപിക്കുന്ന സാഹചര്യത്തില്‍ പോലീസുകാരന്റെ സാന്നിധ്യം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് ഈ ഉത്തരവെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവി ഇന്ന് രാവിലെ ഓണ്‍ലൈനിലൂടെ ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.