അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കൂടാതെ കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. മണ്ണാര്‍ക്കാട് എസ് സി – എസ് ടി കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.

ശിക്ഷ മരവിപ്പിച്ചതിനാല്‍ അപ്പീല്‍ വിധി പറയുന്നത് വരെ ഒന്നാം പ്രതിക്ക് ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയും. അപ്പീല്‍ ഹര്‍ജിയില്‍ പിന്നീട് വാദം കേള്‍ക്കും. അട്ടപ്പാടി മധു കേസിലെ പ്രതികളെ ഏഴ് വര്‍ഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു ആവശ്യം.ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യു ജില്ല പരിധിയില്‍ കടക്കരുതെന്ന നിബന്ധനയുടെയും അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിട്ടത്. കുറ്റകൃത്യത്തിന്റെ ആദ്യ ഘട്ടത്തില്‍ മധുവിനെ ആള്‍ക്കൂട്ടം നടത്തിച്ചു കൊണ്ടു പോകുമ്പോള്‍ ഹുസൈന്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. 2024 ജനുവരിയിലായിരിക്കും പ്രതികളുടെയും സര്‍ക്കാരിന്റെയും അപ്പീലില്‍ കോടതി വാദം കേള്‍ക്കുക.ആദിവാസി യുവാവായ മധുവിനെ അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് പ്രതികള്‍ മര്‍ദ്ദിച്ചുകൊന്നെന്നാണ് കേസ്. 2018 ഫെബ്രുവരി 22 നായിരുന്നു സംഭവം. വിചാരണക്കോടതി കേസിലെ 13 പ്രതികള്‍ക്ക് ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *