ആരാധനാലയങ്ങളില്‍ അസമയത്തു പടക്കം പൊട്ടിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി :ആരാധനാലയങ്ങളില്‍ അസമയത്തു പടക്കം പൊട്ടിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങള്‍ പിടിച്ചെടുക്കാനും ജസ്റ്റിസ് അമിത് റാവല്‍ നിര്‍ദേശിച്ചു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന നിര്‍ദേശം വിശുദ്ധ പുസ്തകങ്ങളില്‍ ഇല്ലെന്നു കോടതി പറഞ്ഞു. കോടതിയുടെ ഉത്തരവ് എല്ലാ കലക്ടര്‍മാര്‍ക്കും നല്‍കണമെന്നും നിര്‍ദേശം ലംഘിച്ചെന്നു കണ്ടാല്‍ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ റിപ്പോര്‍ട്ട് നല്‍കണം. ഹര്‍ജി 24 ന് പരിഗണിക്കാന്‍ മാറ്റി.

മരട് മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും പരിസരത്തും വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടു പരിസരവാസികളായ കെ.ബി.ബിനോജ് ഉള്‍പ്പെടെ 2015 ല്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ്. ശബ്ദ, വായു മലിനീകരണവും തങ്ങളുടെ വീടുകള്‍ക്കു കേടുപറ്റുന്നതും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരുക്കേറ്റതും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണു ഹര്‍ജി നല്‍കിയത്. ഇതിനു മുന്‍പു നടന്ന അപകടങ്ങളും ഹര്‍ജിയില്‍ വിശദീകരിച്ചു

കലക്ടറാണ് എക്‌സ്‌പ്ലോസീവ് ലൈസന്‍സ് നല്‍കുന്നത്. ചുരുക്കം ചിലതൊഴികെ മിക്ക ആരാധനാലയങ്ങള്‍ക്കും ലൈസന്‍സില്ല. അസമയങ്ങളില്‍ സമാധാനം കെടുത്തിയാണു പടക്കം പൊട്ടിക്കുന്നതെന്നും ഹര്‍ജിഭാഗം ചൂണ്ടിക്കാട്ടി. അര്‍ധരാത്രിയില്‍ പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം കോടതിയും കേള്‍ക്കുന്നുണ്ടെന്നു ജഡ്ജി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *