ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മലയാളികള്‍ക്കും വലിയ പ്രതിസന്ധി; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് വി.ഡി സതീശന്‍

ഇസ്രയേല്‍-യുഎസ്-ഇറാന്‍ സംഘര്‍ഷം പശ്ചിമേഷ്യയില്‍ തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്ക് ഉള്‍പ്പെടെ വലിയ പ്രതിസന്ധി ഉണ്ടാകുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിലവിലെ സാഹചര്യത്തില്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര ഇടപെടലുകള്‍ നടത്തണമെന്നും സതീശന്‍ പറഞ്ഞു.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടും സതീശന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. വീടുകള്‍ മാത്രം നല്‍കിയതൊഴിച്ചാല്‍ ചികിത്സാ സഹായം ഉള്‍പ്പെടെയുള്ള പല സഹായങ്ങളും ഇനിയും ബാക്കിയാണെന്ന് അദ്ദേഹം ആരോപിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരാണ് നടത്തിയതെന്നും അത് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എംഎല്‍എ ടി. സിദ്ദിഖിനെതിരെ ഉണ്ടായ കൂക്ക് വിളി സംഭവത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മിണ്ടാതിരുന്നത് തികഞ്ഞ മര്യാദകേടാണെന്നും സതീശന്‍ വിമര്‍ശിച്ചു. പ്രദേശവാസികള്‍ക്കായി ഇപ്പോഴും പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സിദ്ദിഖ് എംഎല്‍എയെന്നും, കൂലിക്കാരെ വിളിച്ചുവരുത്തി അധിക്ഷേപിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമീപനം ലജ്ജാവഹമാണെന്നും സതീശന്‍ പറഞ്ഞു.