ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനും സഭ വിട്ടിറങ്ങലിനുമൊടുവില്‍ ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. നായനാർ സർക്കാർ കൊണ്ട് വന്ന നിയമത്തിന് 23 വർഷത്തിന് ശേഷമാണ് ഭേദഗതി. നായനാർക്ക് തെറ്റ് പറ്റിയോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ലോകായുക്തക്കു ജുഡീഷ്യൽ പദവി ഇല്ലെന്നും ലോകായുക്ത കോടതിക്ക് തുല്യം അല്ലെന്നു ഹൈകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും നിയമമന്ത്രി പി രാജീവ് പറഞ്ഞു.
അഴിമതി കേസിൽ ലോകായുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞത്. പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയിൽ പുനപരിശോധന അധികാരം നിയമസഭക്ക് നൽകുന്ന ഭേദഗതിയാണ് കൊണ്ടുവന്നത്. മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എൽ എമാർക്ക് എതിരായ വിധി സ്പീക്കർക്കും പരിശോധിക്കാം.
എന്നാൽ, സഭയിൽ ബില്‍ പാസായെങ്കിലും ഗവർണർ ഒപ്പിടുമോ എന്ന ചോദ്യം ബാക്കിയാവുകയാണ്.